39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം തന്നെ മാറ്റിമറിച്ച വിജയമുണ്ടായത്. ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച, ഓരോ യുവാവിലും ക്രിക്കറ്റ് എന്ന സ്വപ്‌നം കുത്തിനിറച്ച വിജയമായിരുന്നു 1983ലെ ലോകകപ്പ് വിജയം.
ക്രിക്കറ്റ് ഒരു കളിക്കപ്പുറം ഒരു വികാരം എന്ന നിലയിലേക്ക് ഇന്ത്യന്‍ ജനതയിലേക്കെത്തിക്കാന്‍ ഈ ലോകകപ്പ് വിജയത്തിന് സാധിച്ചിരുന്നു. ഈ വിജയത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരും കളിക്കാരും മുമ്പോട്ടെത്തിയിരുന്നു.
ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിജയം ആഘേഷിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. കപില്‍ ദേവ് ട്രോഫി പിടിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോയുടെ കൂടെ തന്റെ ഡോക്യുമെന്ററിയിലെ കുട്ടികാലത്തെ ഫോട്ടോയും കൂടെ ചേര്‍ത്തുവെച്ചാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.
ഫോട്ടോയുടെ കൂടെ താരം പങ്കുവെച്ച ക്യാപ്ഷനില്‍ നിന്നും ആ ലോകകപ്പ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കാം.
‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ നിങ്ങളെ പ്രചോദിപ്പിക്കുകയും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 1983 ലെ ഈ ദിവസമാണ് നമ്മള്‍ ആദ്യമായി ലോകകപ്പ് നേടിയത്. എനിക്ക് അപ്പോള്‍ തന്നെ മനസിലായി, അതാണ് ഞാനും ചെയ്യാന്‍ ആഗ്രഹിക്കുന്നത്,” സച്ചിന്‍ കുറിച്ചു.
Some moments in life inspire you & make you dream. On this day in 1983, we won the World Cup 🏆 for the first time. I knew right then, that’s what I wanted to do too!🏏 pic.twitter.com/hp305PHepU
— Sachin Tendulkar (@sachin_rt) June 25, 2022
ആ ലോകകപ്പ് നടക്കുമ്പോള്‍ പത്ത് വയസായിരുന്നു സച്ചിന്. പിന്നീട് ആറ് വര്‍ഷത്തിന് ശേഷം 1989ല്‍ താരം ഇന്ത്യക്കായി അരങ്ങേറി.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ കപില്‍ ദേവിന്റെ കീഴിലായിരുന്നു ഇന്ത്യ ലോകകപ്പ് നേടിയത്. തുടര്‍ച്ചയായി മൂന്നാം ലോകകപ്പ് ലക്ഷ്യം വെച്ചിറങ്ങിയ ക്ലൈവ് ലോയ്ഡിന്റെ കീഴിലിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 43 റണ്‍സിനായിരുന്നു കപിലിന്റെ ചെകുത്താന്‍മാര്‍ തോല്‍പ്പിച്ചത്.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സെടുത്തു എല്ലാവരും പുറത്താകുകയായിരുന്നു. 38 റണ്ണെടുത്ത ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തായിരുന്നു ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 140 റണ്ണില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യക്കായി മദന്‍ ലാലും മോഹിന്ദര്‍ അമര്‍നാദും മൂന്ന് വിക്കറ്റുകള്‍ നേടി. 33 റണ്ണെടുത്ത വിവിയന്‍ റിച്ചാര്‍ഡ്‌സായിരുന്നു വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.
ഈ വിജയത്തോടെ കപിലിന്റെ ചെകുത്താന്‍മാരെന്നായിരുന്നു ഇന്ത്യന്‍ ടീമിനെ അറിയപ്പെട്ടത്. പിന്നീട് 28 വര്‍ഷത്തിന് ശേഷമായിരുന്നു 2011ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ലോകകപ്പ് നേടിയത്.
Content Highlights: Sachin Tendulkar shares memories of 1983 worldcup