ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ അടുത്ത പിന്‍ഗാമി സച്ചിന്‍: ക്ലാര്‍ക്ക്
DSport
ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ അടുത്ത പിന്‍ഗാമി സച്ചിന്‍: ക്ലാര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th November 2013, 10:44 am

[]സിഡ്‌നി: 24 വര്‍ഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

200ാമത്തെ ടെസ്റ്റ് ആണ് അദ്ദേഹം അവസാനമായി കളിച്ചത്. ഓസ്‌ട്രേലിയയുടെ ഡോണ്‍ ബ്രാഡ്മാന്‍ കഴിഞ്ഞാല്‍ പിന്നെ വരുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.

100 ഇന്റര്‍നാഷണല്‍ സെഞ്ച്വറി തികച്ച സച്ചിനെ പോലെ ഒരാള്‍ക്കേ 40 വയസുവരെ കരിയര്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ.

ഒരു ബാറ്റ്‌സ്മാനും ഒരിക്കലും എത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ഉയരത്തിലാണ് സച്ചിന്റെ നേട്ടങ്ങള്‍, സെഞ്ച്വറികളുടെ കാര്യത്തിലായാലും കളിച്ച മത്സരത്തിന്റെ കാര്യത്തിലായാലും സച്ചിന് പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഇല്ല.

സച്ചിന്‍ അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയര്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പ്രൈമറി സ്‌കൂളിലായിരുന്നു. അദ്ദേഹത്തിനെതിരെ ആദ്യമായി ടെസ്റ്റ് മത്സരം കളിച്ചത് ഈ അടുത്ത കാലത്താണെന്ന് തോന്നുകയാണ്. അദ്ദേഹത്തിന് 40 വയസ്സായെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.

സച്ചിനൊപ്പം കളിക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് തന്റെ ക്രിക്കറ്റ് കരിയറിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നെന്നും ക്ലാര്‍ക്ക് പറഞ്ഞു.