Sports News
ഒത്ത എതിരാളി എതിരെ നിന്നാല്‍ രസം കൂടും, അവനൊപ്പമുള്ള കളികള്‍ എങ്ങനെ മറക്കും; പാക് ഇതിഹാസ താരത്തെ കുറിച്ച് സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 07, 10:58 am
Saturday, 7th January 2023, 4:28 pm

ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവുമധികം റണ്‍സ് എന്ന സച്ചിന്റെ നേട്ടവും 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍ എന്ന റെക്കോഡും ഇന്നും അണ്‍ബ്രേക്കബിളായി നില്‍ക്കുന്നു.

24 വര്‍ഷത്തെ കരിയറിനിടയില്‍ ചെറുതും വലുതുമായ പല ബൗളര്‍മാരും അദ്ദേഹത്തിനെതിരെ പന്തെറിഞ്ഞിട്ടുണ്ട്. അതില്‍ ചിലര്‍ സച്ചിനൊത്ത എതിരാളികളായിരുന്നു. അവരില്‍ മുന്‍പന്തിയില്‍ തന്നെയായിരിക്കും മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രം. ഇടംകയ്യന്‍ ബൗളറായ അക്രവും സച്ചിനും ഏറ്റുമുട്ടിയപ്പോഴൊക്കെ ആരാധകരുടെ ആവേശവും അണപൊട്ടിയിരുന്നു.

വസീം അക്രമിനെ പോലെ ഒരു ബൗളരെ താന്‍ ഇതുവരെ നേരിട്ടിട്ടില്ല എന്ന് പറയുകയാണ് സച്ചിന്‍. ഒത്ത എതിരാളികള്‍ നേര്‍ക്ക് നേര്‍ വന്നാല്‍ രസം കൂടുമെന്നും അക്രമിനൊപ്പമുള്ള കളികള്‍ മറക്കാനാവില്ലെന്നും സച്ചിന്‍ പറഞ്ഞു. അക്രം ഒരു മാസ്റ്ററായിരുന്നുവെന്നും അദ്ദേഹത്തിന്റെ പന്തുകള്‍ക്ക് സംസാരിക്കാനാവുമായിരുന്നുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. വസീം അക്രമിന്റെ ഓട്ടോബയോഗ്രഫിയായ സുല്‍ത്താനിലായിരുന്നു സച്ചിന്‍ തന്റെ അനുഭവങ്ങള്‍ കുറിച്ചത്.

‘ക്രിക്കറ്റ് ഒരു ടീം സ്‌പോര്‍ട്‌സാണ്. എന്നിരുന്നാലും ബാറ്ററും ബൗളറും നേര്‍ക്കുനേര്‍ വന്നാല്‍ പിന്നെ അവര്‍ തമ്മിലുള്ള പോരാട്ടമാവും. വസീം അക്രമില്‍ എല്ലാ ബാറ്റര്‍മാര്‍ക്കും പറ്റിയ എതിരാളി ഉണ്ടായിരുന്നു. അതുപോലെ കാലിബര്‍ ഉള്ള ഒരു എതിരാളി ഉണ്ടെങ്കില്‍ പിന്നെ അത് കളിയേയും ഉയര്‍ത്തും. ആ അനുഭവം എല്ലായ്‌പ്പോഴും നാം ഓര്‍ത്തുവെക്കും. വസീം ഒരു മാസ്റ്ററായിരുന്നു. അവന്റെ പന്തുകള്‍ സംസാരിക്കുമായിരുന്നു.

അവന്റെ റണ്‍ അപ്പ് വളരെ സ്വഭാവികമായിരുന്നു. മറ്റ് ഫാസ്റ്റ് ബൗളര്‍മാരെ വെച്ചുനോക്കുമ്പോള്‍ അവന് റണ്‍ അപ്പുകള്‍ എണ്ണേണ്ട ആവശ്യം വരില്ലായിരുന്നു. എവിടെ നിന്ന് തുടങ്ങിയാലും അവന്‍ ബൗളിങ് മികച്ചതാക്കും. അക്രം പെട്ടെന്ന് ക്രീസിലേക്ക് ഓടിയടുക്കുമ്പോള്‍ നമുക്ക് മുന്നോരുക്കങ്ങള്‍ നടത്താനുള്ള സമയം പോലും കിട്ടില്ല. അക്രത്തെ പോലെ ഒരാളെ ഇതുവരെ നേരിട്ടിട്ടില്ല. അവനെ നേരിട്ട ഓരോ കളിയും എനിക്ക് ഓര്‍ക്കാന്‍ കഴിയും. തമ്മില്‍ കണ്ടപ്പോഴെല്ലാം മനോഹരമായ ഒരു സുഹൃദ്ബന്ധവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി,’ സച്ചിന്‍ കുറിച്ചു.

പാകിസ്താന്റെ ഐകോണിക് പേസ് ബൗളറായ വസീം അക്രം ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 500 വിക്കറ്റ് മറികടന്ന ആദ്യബൗളറാണ്. നിലവില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ എന്ന അക്രമിന്റെ റെക്കോഡും ആരും മറികടന്നിട്ടില്ല. ഏകദിന കരിയറിലെ 365 മത്സരങ്ങളില്‍ നിന്നും 502 വിക്കറ്റുകളാണ് അക്രം സ്വന്തമാക്കിയിട്ടുള്ളത്.

Content Highlight: Sachin tendulkar says he has never faced a bowler like Wasim Akram