| Monday, 2nd October 2023, 9:40 am

അമ്പമ്പോ... സച്ചിന്‍ ഇത്രേം വമ്പനോ; റെക്കോഡില്‍ മുമ്പന്‍, ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഒരാള്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പ് ആരംഭിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലണ്ടും കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാന്‍ ന്യൂസിലാന്‍ഡും കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ ദക്ഷിണാഫ്രിക്കയും അടക്കമുള്ള ടീമുകള്‍ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ്.

ഓരോ ലോകകപ്പ് വരുമ്പോഴും ഇതിന് മുമ്പുള്ള ലോകകപ്പുകളിലെ റെക്കോഡുകള്‍ തകരുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ചില റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും തകരാറില്ല. അത്തരത്തിലുള്ള റെക്കോഡാണ് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2003 ലോകകപ്പില്‍ കുറിച്ചത്. ഒരു ലോകകപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് ഇന്നും സച്ചിന്റെ പേരിലാണ്.

2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സ് തന്നെയാണ് ഇപ്പോഴും റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 2007 ലോകകപ്പില്‍ ഓസീസ് ഇതിഹാസ താരം മാത്യു ഹെയ്ഡനും 2019 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും റെക്കോഡ് തകര്‍ക്കുമെന്ന് തോന്നിച്ചെങ്കിലും ഇരുവര്‍ക്കും അതിന് സാധിച്ചില്ല.

സച്ചിന്റെ ലോകകപ്പ് എന്ന് നിസ്സംശയം വിശേഷിപ്പിക്കാന്‍ സാധിക്കുന്നതായിരുന്നു 2003ലെ ബിഗ് ഇവന്റ്. റണ്‍സടിച്ചുകൂട്ടിയത് മാത്രമല്ല, രണ്ടാമതുള്ള താരത്തേക്കാള്‍ ഏറ്റവുമധികം റണ്‍സ് നേടിയതിന്റെ റെക്കോഡും സച്ചിന്റെ പേരിലാണ്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൗരവ് ഗാംഗുലിയെക്കാള്‍ (465 റണ്‍സ്) 208 റണ്‍സാണ് സച്ചിന്‍ അധികം നേടിയത്.

റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തമ്മില്‍ 200 റണ്‍സിന്റെ വ്യത്യാസം ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു. ശേഷം നാല് ലോകകപ്പുകള്‍ വന്നുപോയിട്ടും ആ റെക്കോഡ് ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. 2007 ലോകകപ്പില്‍ ഹെയ്ഡനും ജയവര്‍ധനെയും തമ്മിലുള്ള 111 റണ്‍സിന്റെ വ്യത്യാസമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ഓരോ ലോകകപ്പിലെയും ആദ്യ രണ്ട് റണ്‍വേട്ടക്കാര്‍ തമ്മിലുള്ള റണ്‍സ് വ്യത്യാസം

(ലോകകപ്പ് – താരം – രാജ്യം – നേടിയ റണ്‍സ് – രണ്ടാമതുള്ള താരവുമായുള്ള റണ്‍ വ്യത്യാസം എന്നീ ക്രമത്തില്‍)

1975 – ജി.എം. ടര്‍ണര്‍ – ന്യൂസിലാന്‍ഡ് – 333 – 90

1979 – ഗോര്‍ഡന്‍ ഗ്രീനിഡ്ജ് – വെസ്റ്റ് ഇന്‍ഡീസ് – 253 – 36

1983 – ഡേവിഡ് ഗോവര്‍ – ഇംഗ്ലണ്ട് – 384 – 17

1987 – ഗ്രഹാം ഗൂച്ച് – ഇംഗ്ലണ്ട് – 471 – 24

1992 – മാര്‍ട്ടിന്‍ ക്രോ – ന്യൂസിലാന്‍ഡ് – 456 – 19

1996 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 523 – 39

1999 – രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 461 – 63

2003 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 673 – 208

2007 – മാത്യു ഹെയ്ഡന്‍ – ഓസ്‌ട്രേലിയ – 659 – 111

2011 – തിലകരത്‌നെ ദില്‍ഷന്‍ – ശ്രീലങ്ക – 500 – 18

2015 – മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 547 – 6

2019 – രോഹിത് ശര്‍മ – ഇന്ത്യ – 648 – 1

ഈ ലോകകപ്പിലും റണ്ണടിച്ചുകൂട്ടാന്‍ പോന്ന പല താരങ്ങളും പല ടീമുകള്‍ക്കുമൊപ്പമുണ്ട്. രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഹെന്റിച്ച് ക്ലാസന്‍, ജോസ് ബട്‌ലര്‍, ഡേവിഡ് വാര്‍ണര്‍, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ അടക്കമുള്ള താരങ്ങള്‍ റണ്ണൊഴുക്കുമ്പോഴും സച്ചിന്റെ 208 റണ്‍ വ്യത്യാസം മറികടക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

ഒരു ലോകകപ്പില്‍ തന്നെ സച്ചിന്‍ സൃഷ്ടിച്ച രണ്ട് റെക്കോഡുകളും 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ ലോകകപ്പില്‍ സച്ചിനെ മറികടന്ന് പുതിയ റെക്കോഡ് പടുത്തുയര്‍ത്താന്‍ സാധിക്കുമോ എന്നാണ് എല്ലാ ആരാധകരും ഉറ്റുനോക്കുന്നത്.

Content Highlight: Sachin Tendulkar’s record in ICC World Cup

We use cookies to give you the best possible experience. Learn more