| Tuesday, 7th February 2023, 1:42 pm

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയെന്നാല്‍ ഇന്ത്യ vs ഓസ്‌ട്രേലിയ മാത്രമല്ല, അതിന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ vs ഓസ്‌ട്രേലിയ എന്നും അര്‍ത്ഥമുണ്ട്

ആദര്‍ശ് എം.കെ.

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീരീസുകള്‍ക്കൊന്നിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യയും-ഓസ്‌ട്രേലിയും തമ്മിലുള്ള നാല് ടെസ്റ്റുകളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയാണ് ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്നത്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് പോലെ ഏറെ ആരാധകരുള്ളതും അതിനോടൊപ്പം തന്നെ വീറും വാശിയുമേറിയ പോരാട്ടമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയും.

1996ല്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളായ അലന്‍ ബോര്‍ഡറിനോടും സുനില്‍ ഗവാസ്‌കറിനോടുമുള്ള ആദരസൂചകമായിട്ടാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയെന്ന് ഈ ബൈലാറ്ററല്‍ സീരീസ് ആരംഭിക്കുന്നത്. അന്നുതൊട്ടിന്നുവരെ 15 തവണയാണ് ഈ പരമ്പര നടന്നിട്ടുള്ളത്.

15 തവണ മത്സരം നടന്നപ്പോള്‍ ഒമ്പത് തവണയാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. 2003-2004 സീസണില്‍ ഒരു തവണ പരമ്പര സമനിലയില്‍ കലാശിച്ചപ്പോള്‍ അഞ്ച് തവണ ഓസ്‌ട്രേലിയയും ചാമ്പ്യന്‍മാരായി.

2020-21 സീസണില്‍ ഓസീസിനെ 2-1ന് പരാജയപ്പെടുത്തിയ ഇന്ത്യയാണ് നിലവിലെ ട്രോഫി ഹോള്‍ഡേഴ്‌സ്. ആ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയും 2015ന് ശേഷം ഇന്ത്യയെ തോല്‍പിക്കാന്‍ സാധിച്ചില്ലെന്ന ചീത്തപ്പേര് മാറ്റാന്‍ ഓസീസും ഇറങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അതില്‍ ഒരിക്കല്‍ പോലും മാറ്റിവെക്കാന്‍ സാധിക്കാത്ത പേരാണ് ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി എന്നത് സച്ചിനും ഓസീസും തമ്മിലുള്ള പോരാട്ടമായിരുന്നു എന്ന് പറഞ്ഞാല്‍ പോലും ഒട്ടും അധികമാകില്ല.

പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയതുമുതലിങ്ങോട്ടുള്ള എണ്ണം പറഞ്ഞ റെക്കോഡുകളാണ് സച്ചിന്‍ സ്വന്തമാക്കിയിരിക്കുന്നത്.

കളിച്ച 34 മത്സരത്തിലെ 65 ഇന്നിങ്‌സില്‍ നിന്നും 3262 റണ്‍സാണ് സ്വന്തമാക്കിയത്. 56.24 ശരാശരിയിലാണ് സച്ചിന്‍ റണ്ണടിച്ചുകൂട്ടിയത്. രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങിന് 2555 റണ്‍സും മൂന്നാമന്‍ വി.വി.എസ്. ലക്ഷ്മണിന് 2434 റണ്‍സുമാണുള്ളത്.

റണ്‍സിന്റെ കാര്യത്തില്‍ മാത്രമല്ല, സെഞ്ച്വറി കണക്കിലും അര്‍ധ സെഞ്ച്വറി കണക്കിലും മുമ്പന്‍ സച്ചിന്‍ തന്നെയാണ്. കളിച്ച 65 ഇന്നിങ്‌സില്‍ നിന്നുമായി ഒമ്പത് തവണയാണ് സച്ചിന്‍ സെഞ്ച്വറി നേടിയിട്ടുള്ളത്.

സച്ചിന്റെ ഈ റെക്കോഡ് തകര്‍ക്കാന്‍ സാധ്യത കല്‍പിക്കുന്നവരില്‍ പ്രധാനിയാണ് ഫാബുലസ് ഫോറിലെ കരുത്തന്‍ സ്റ്റീവ് സ്മിത്ത്. സച്ചിനേക്കാള്‍ ഒരു സെഞ്ച്വറി മാത്രമാണ് സ്മിത്തിന് കുറവുള്ളത്. 28 ഇന്നിങ്‌സില്‍ നിന്നും എട്ട് തവണയാണ് സ്മിത്ത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നൂറടിച്ചത്. 51 ഇന്നിങ്‌സില്‍ നിന്നും എട്ട് തവണ സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ്ങും രണ്ടാം സ്ഥാനത്തുണ്ട്.

സെഞ്ച്വറി കണക്കില്‍ സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഫാബ് ഫോറിലെ വിരാട് കോഹ്‌ലിയും രംഗത്തുണ്ട്. 36 ഇന്നിങ്‌സില്‍ നിന്നും ഏഴ് തവണയാണ് വിരാട് സെഞ്ച്വറി തികച്ചത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ സെഞ്ച്വറി കണക്കിന്റെ റെക്കോഡ് തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അര്‍ധ സെഞ്ച്വറി കണക്കില്‍ സച്ചിനെ മറികടക്കാന്‍ അത്ര എളുപ്പത്തില്‍ ആര്‍ക്കും സാധിക്കില്ല.

65 ഇന്നിങ്‌സില്‍ നിന്നും 16 തവണയാണ് സച്ചിന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡിന് 13 അര്‍ധ സെഞ്ച്വറിയാണുള്ളത്. മൂന്നാമതുള്ള പോണ്ടിങ്ങിനും വി.വി.എസ്. ലക്ഷ്മണിനും 12 ഫിഫ്റ്റി വീതമുണ്ട്. 10 ഫിഫ്റ്റിയുള്ള ചേതേശ്വര്‍ പൂജാരയാണ് ഇക്കൂട്ടത്തിലെ ആക്ടീവ് ക്രിക്കറ്റര്‍. വരുന്ന മത്സരത്തില്‍ പൂജാര മികച്ച പ്രകടനം തന്നെ നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പരമ്പരയിലെ ഏറ്റവുമുയര്‍ന്ന അഞ്ചാമത്തെ വ്യക്തിഗത സ്‌കോററാണ് സച്ചിന്റെ പേരാണ്. 2004ല്‍ സിഡ്‌നിയില്‍ വെച്ച് നടന്ന പരമ്പരയില്‍ പുറത്താവാതെ നേടിയ 241 ആണ് ബോര്‍ഡര്‍-ഗവാസ്‌കറില്‍ സച്ചിന്റെ ഉയര്‍ന്ന് സ്‌കോര്‍. ഇതിലെ റെക്കോഡ് 2012ല്‍ മെക്കല്‍ ക്ലാര്‍ക്ക് സ്ഥാപിച്ച 329ന്റേതാണ്.

പരമ്പരയിലെ ഏറ്റവുമധികം മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും സച്ചിന്റെ പേരില്‍ തന്നെയാണ്.

മൂന്ന് തവണയാണ് സച്ചിനെ പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്. 1997-98 സീസണിലായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ആദ്യമായി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ലഭിക്കുന്നത്. ഇന്ത്യ 1-0ന് സീരീസ് ജയിച്ച പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നും 111.50 ആവറേജില്‍ 446 റണ്‍സാണ് സച്ചിന്‍ നേടിയത്. രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

തൊട്ടടുത്ത പരമ്പരയില്‍, അതായത് 1999-2000 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും സച്ചിനെ തന്നെയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്. ഇന്ത്യ 3-0ന് പരമ്പര തോറ്റപ്പോഴാണ് സച്ചിനെ പരമ്പരയുടെ താരമായി തെരഞ്ഞടുത്തത് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ വസ്തുത. (കഴിഞ്ഞ സീസണില്‍ പാറ്റ് കമ്മിന്‍സ് മാന്‍ ഓഫ് ദി സീരീസ് ആയതും ഇങ്ങനെ തന്നെ)

2010ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് സച്ചിന് അവസാനമായി മാന്‍ ഓഫ് ദി സീരീസ് ലഭിക്കുന്നത്. ഒരു ഇരട്ട സെഞ്ച്വറിയടക്കം 134.33 ശരാശരിയില്‍ 403 റണ്‍സ് അടിച്ചെടുത്താണ് സച്ചിന്‍ ഒരിക്കല്‍ക്കൂടി പരമ്പരയുടെ താരമായത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ചരിത്രത്തില്‍ മറ്റാര്‍ക്കും തന്നെ ഒന്നില്‍ക്കൂടുതല്‍ തവണ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടാന്‍ സാധിച്ചിട്ടില്ല. നയന്‍ മോംഗിയ, ഹര്‍ഭജന്‍ സിങ്, രാഹുല്‍ ദ്രാവിഡ്, ഇഷാന്ത് ശര്‍മ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പൂജാര എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ പലപ്പോഴായി മാന്‍ ഓഫ് ദി സീരീസ് സ്വന്തമാക്കിയപ്പോള്‍ ഡേമിയന്‍ മാര്‍ട്ടിന്‍, ബ്രെറ്റ് ലീ, മൈക്കല്‍ ക്ലാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ കങ്കാരുക്കള്‍ക്കായും എം.ഒ.എസ് സ്വന്തമാക്കി.

ഇക്കൂട്ടത്തില്‍ സച്ചിന്റെ പല റെക്കോഡുകള്‍ അടുത്തൊന്നും തന്നെ തകരില്ലെന്നുറപ്പാണ്. എന്നാല്‍ റെക്കോഡുകള്‍ സൃഷ്ടിക്കപ്പെടുന്നത് തകര്‍ക്കാന്‍ വേണ്ടി തന്നെയാണ്. സച്ചിനേക്കാള്‍ മികച്ച താരങ്ങള്‍ ഉയര്‍ന്നുവരുമെന്നും ആ റെക്കോഡുകള്‍ തകര്‍ക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

Content highlight: Sachin Tendulkar’s record in Border-Gavaskar Trophy

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more