റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയം നേടിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യ ലെജന്‍ഡ്‌സ്. വിജയത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനി ബാറ്റര്‍ നമാന്‍ ഓജയായിരുന്നു.
റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഓജ തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയത്.
71 ബോളില്‍ 108 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഈ 39കാരന്റെ ഇന്നിങ്ങ്‌സാണ് 195 കൂറ്റന്‍ സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. 15 ഫോറും രണ്ട് സിക്‌സറും ബൗണ്ടറികളിലേക്ക് പായിച്ചാണ് ഓജ തന്റെ റണ്‍വേട്ട നടത്തിയത്. സെമി ഫൈനലിലും 90 റണ്‍സിന്റെ മിന്നും പ്രകടനമായിരുന്നു നമാന്‍ ഓജ കാഴ്ച വെച്ചത്.
അതേസമയം നമാന്‍ ഓജക്കൊപ്പം ഓപ്പണറായി എത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ആദ്യ ബോളില്‍ തന്നെ ഔട്ടാകാനായിരുന്നു വിധി. ആ ഗോള്‍ഡന്‍ ഡക്ക് കാണികളെ നിരാശരാക്കിയില്ലെങ്കിലും ഓജയുടെ സെഞ്ച്വറിക്ക് സച്ചിന്‍ നല്‍കിയ റിയാക്ഷനാണ് ഇപ്പോള്‍ ആരാധകഹൃദയം കീഴടക്കുന്നത്.
19ാം ഓവറിലെ ആദ്യ പന്തില്‍ കൂറ്റന്‍ സിക്‌സറിച്ചാണ് നമാന്‍ ഓജ സെഞ്ച്വറി കുറിച്ചത്. തുടര്‍ന്ന് കാണികള്‍ക്കും സഹതാരങ്ങള്‍ക്കും നേരെ നോക്കി ഓജ കുമ്പിട്ട് ആദരം പ്രകടിപ്പിച്ചിരുന്നു.
സെഞ്ച്വറി സമ്മാനിക്കാനായി ഓജയുടെ അടിച്ചുപറത്തിയ പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞപ്പോഴേ ഇന്ത്യന്‍ ക്യാമ്പ് ആവേശത്തിലായിരുന്നു. സച്ചിനും സംഘവും എഴുന്നേറ്റ് നിന്ന് കയ്യടിയും തുടങ്ങിയിരുന്നു. സച്ചിന്‍ തുടര്‍ന്നും വലിയ ആവേശത്തിലായിരുന്നു. ഓജക്ക് വേണ്ടി ആര്‍പ്പ് വിളിക്കുകയായിരുന്നു സച്ചിന്‍.
#NamanOjha completes his century with a fabulous six😍
36 റണ്‍സ് നേടിയ വിനയ് കുമാറാണ് ഇന്ത്യയുടെ സെക്കന്റ് ടോപ് സ്‌കോറര്‍. ഇങ്ങനെ അടിച്ചുമുന്നേറിയ ഇന്ത്യ 20 ഓവര്‍ കഴിഞ്ഞപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി.
സച്ചിന്റെയടക്കം മൂന്ന് വിക്കറ്റുകള്‍ നുവാന്‍ കുലശേഖര എറിഞ്ഞുവീഴ്ത്തിയെങ്കിലും ഇന്ത്യയുടെ ബാറ്റിങ്ങ് നിരയെ തടയാനായില്ല. ഇസുരു ഉഡനയും ശ്രീലങ്കക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടിയിരുന്നു.
196 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ തിലകരത്‌ന ദില്‍ഷനും കൂട്ടര്‍ക്കും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ മൂന്ന് ഓവറിനുള്ളില്‍ ഓപ്പണര്‍മാരായ ദില്‍ഷന്‍ മുനവീരയുടെയും സനത് ജയസൂര്യയുടെയും വിക്കറ്റുകള്‍ നഷ്ടമായി.
ഇഷാന്‍ ജയരത്‌നെ അര്‍ധ സെഞ്ച്വറി നേടി ശ്രീലങ്കയെ കര കയറ്റുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും മികച്ച കൂട്ടുകെട്ടില്ലാതിരുന്നതിനാല്‍ അതും പാഴായി. സ്‌കിപ്പര്‍ ദില്‍ഷാം ആകെ നേടിയത് 11 റണ്‍സായിരുന്നു.
ബൗള്‍ ചെയ്ത എല്ലാ ഇന്ത്യന്‍ കളിക്കാരും ഓരോ വിക്കറ്റ് വീതമെങ്കിലും നേടിയ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി മുന്നിട്ടുനിന്നത് വിനയ് കുമാറാണ്. ഒടുവില്‍ 33 റണ്‍സിന് ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തി.
റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ രണ്ടാം തവണയും തുടര്‍ച്ചയായി കപ്പ് നേടിയാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍താരങ്ങള്‍ കരുത്ത് തെളിയിച്ചിരിക്കുന്നത്.
ഏഷ്യാ കപ്പ് കൈവിട്ടെങ്കിലും, നടക്കാന്‍ പോകുന്ന ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷകളില്ലെങ്കിലും റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിലെ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റിന് ആവേശമായിട്ടുണ്ട്.
Content Highlight: Sachin Tendulkar’s reaction to Naman Ojha’s century goes viral