റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ തരംഗമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യ ലെജന്‍ഡ്‌സിന്റെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ലെജന്‍ഡ്‌സിനെ 61 റണ്‍സിന് പരാജയപ്പെടുത്തിയാണ് സച്ചിനും കൂട്ടരും തുടങ്ങിയത്.
ഇന്ത്യ ലെജന്‍ഡ്‌സ് വിജയിച്ചതിനേക്കാള്‍ ആരാധകര്‍ കൊണ്ടാടിയത് സച്ചിന്റെ ബാറ്റിങ്ങാണ്. അധികനേരം ക്രീസില്‍ നില്‍ക്കാനായില്ലെങ്കിലും ആരാധകര്‍ക്ക് വിരുന്നൊരുക്കിയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആവേശമായത്.
15 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയുടെ അകമ്പടിയോടെ 16 റണ്‍സാണ് സച്ചിന്‍ സ്വന്തമാക്കിയത്. തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഷോട്ടുകള്‍ പായിച്ചാണ് സച്ചിന്‍ വീണ്ടും ആരാധകരെ ആവേശത്തിലാക്കിയത്.
കളിയുടെ നാലാം ഓവറില്‍ സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ പേസറായിരുന്ന മഖായ എന്റിനിയെ ബൗണ്ടറി പായിച്ചാണ് സച്ചിന്‍ പഴയ സച്ചിനിലേക്ക് പരകായ പ്രവേശം നടത്തിയത്. എന്റിനിയുടെ ഗുഡ് ലെങ്ത് ഡെലിവറി മിഡ് ഓണിലൂടെ ബൗണ്ടറിയിലേക്ക് തഴുകി വിട്ടാണ് സച്ചിന്‍ മാജിക് തുടങ്ങിയത്.
ഇതോടെ പണ്ട് ടി.വിയില്‍ മാത്രം കണ്ടിരുന്ന സച്ചിന്‍ മാജിക് നേരിട്ട് കണ്ടതിന്റെ ആവേശമായിരുന്നു സ്റ്റേഡിയത്തില്‍ നിറഞ്ഞത്.
തുടര്‍ന്നുള്ള ഓവറില്‍ ജോഹാന്‍ വാന്‍ ഡെര്‍ വാത്തിനെയും സച്ചിന്‍ ലോങ് ഓഫിന് മുകളിലൂടെ ബൗണ്ടറി കടത്തിയിരുന്നു.
സച്ചിന്റെ ഷോട്ടുകള്‍ സ്‌റ്റേഡിയത്തില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും തരംഗമായിരിക്കുകയാണ്. വിന്റേജ് ടെന്‍ഡുല്‍ക്കറുടെ കളി സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.
അതേസമയം, മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്‌സ് വിജയിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് സ്വന്തമാക്കിയത്. 42 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സെടുത്ത ബിന്നിയാണ് ഇന്ത്യന്‍ സ്‌കോറിന്റെ നെടുംതൂണായത്. ബിന്നിക്ക് പുറമെ റെയ്നയും യൂസുഫ് പത്താനും മികച്ച പ്രകടനം കാഴ്ചവെച്ചു.
22 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ റെയ്നയും 15 പന്തില്‍ നിന്നും 35 റണ്‍സ് സ്വന്തമാക്കിയ പത്താനും ഇന്ത്യക്ക് തുണയായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ലെജന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. 38 റണ്‍സ് നേടിയ ജോണ്ടി റോഡ്സാണ് സൗത്ത് ആഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
സ്റ്റുവര്‍ട്ട് ബിന്നിയാണ് കളിയിലെ താരം.
സെപ്റ്റംബര്‍ 14നാണ് ഇന്ത്യ ലെജന്‍ഡ്സിന്റെ അടുത്ത മത്സരം. വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്സാണ് എതിരാളികള്‍.
Content Highlight: Sachin Tendulkar’s batting make fans happy