| Tuesday, 12th September 2023, 10:42 am

കുല്‍ദീപിന് മുമ്പ് അഞ്ച് വിക്കറ്റെടുത്തത് സച്ചിന്‍ പാജി, അതും കൊച്ചിയില്‍ വെച്ച്; ആരാധകരേ ആ കളി ഓര്‍മയില്ലേ

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ പടുകൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ബാറ്റിങ്ങിലും സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ബൗളിങ്ങിലും തിളങ്ങിയപ്പോള്‍ 228 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റണ്‍ അടിസ്ഥാനത്തില്‍ ഏകദിനത്തില്‍ പാകിസ്ഥാനെതിരെ നേടുന്ന ഏറ്റവും വലിയ വിജയവുമാണിത്.

അഞ്ച് വിക്കറ്റ് നേട്ടവുമായാണ് കുല്‍ദീപ് യാദവ് പാകിസ്ഥാന്‍ ബാറ്റിങ് നിരയെ കടന്നാക്രമിച്ചത്. ഓപ്പണര്‍ ഫഖര്‍ സമാനില്‍ തുടങ്ങി പാകിസ്ഥാന്‍ മിഡില്‍ ഓര്‍ഡറിനെ ഒന്നാകെ കുല്‍ദീപ് ഇല്ലാതാക്കുകയായിരുന്നു. ഫഖര്‍ സമാന് പുറമെ ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ആഘാ സല്‍മാന്‍ എന്നിവരാണ് കുല്‍ദീപിന് മുമ്പില്‍ വീണത്.

18 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഇന്ത്യന്‍ താരം ഏകദിനത്തില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 2005ല്‍ കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പാകിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തിലാണ് ഇതിന് മുമ്പ് ഈ നേട്ടം പിറന്നത്.

സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് അന്ന് ഇന്ത്യക്കായി ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. പത്ത് ഓവര്‍ പന്തെറിഞ്ഞ ടെന്‍ഡുല്‍ക്കര്‍ വെറും 50 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 5.00 എന്ന മികച്ച എക്കോണമിയായിരുന്നു മത്സരത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററിനുണ്ടായിരുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കവെ സച്ചിനെയും ക്യാപ്റ്റന്‍ ഗാംഗുലിയെയും ഇന്ത്യക്ക് നഷ്ടമായി. രണ്ടാം ഓവറിലെ നാലാം പന്തില്‍ സച്ചിനെ യൂസുഫ് യോഹനയുടെ കൈകളിലെത്തിച്ച് മടക്കിയ നവേദ് ഉള്‍-ഹസന്‍ ഗാംഗുലിയെ ഗോള്‍ഡന്‍ ഡക്കായും പുറത്താക്കി.

എന്നാല്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിന്റെയും നാലാമന്‍ രാഹുല്‍ ദ്രാവിഡിന്റെയും സെഞ്ച്വറി ഇന്ത്യയെ 281 എന്ന ടോട്ടലിലെത്തിച്ചു. സേവാഗ് 95 പന്തില്‍ 108 റണ്‍സ് നേടി പുറത്തായപ്പോള്‍ 139 പന്തില്‍ 104 റണ്‍സാണ് ദ്രാവിഡ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ടോപ് ഓര്‍ഡര്‍ മോശമല്ലാത്ത തുടക്കം നല്‍കി. എങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍മാര്‍ മൊമെന്റം നഷ്ടപ്പെടാതെ കാത്തു.

26ാം ഓവറിലെ അവസാന പന്തിലാണ് സച്ചിന്‍ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പാക് നായകന്‍ ഇന്‍സമാം ഉള്‍-ഹഖിനെയാണ് സച്ചിന്‍ ആദ്യം വീഴ്ത്തിയത്. ക്ലീന്‍ ബൗള്‍ഡാക്കിയാണ് സച്ചിന്‍ ഇന്‍സിയെ പുറത്താക്കിയത്.

പിന്നാലെ അബ്ദുള്‍ റസാഖിനെയും ഷാഹിദ് അഫ്രിദിയെയും മുഹമ്മദ് സമിയെയും ഒറ്റയക്കത്തിന് മടക്കിയ സച്ചിന്‍ അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന മുഹമ്മദ് ഹഫീസിനെ നെഹ്‌റയുടെ കൈകളിലെത്തിച്ച് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി.

സച്ചിന് പുറമെ സഹീര്‍ ഖാനും ലക്ഷ്മിപതി ബാലാജിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍, ആശിഷ് നെഹ്‌റ ഒരു വിക്കറ്റും നേടി. ഒടുവില്‍ 45.2 ഓവറില്‍ പാകിസ്ഥാന്‍ 194 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ 87 റണ്‍സിന് ഇന്ത്യ മത്സരം വിജയിക്കുകയും പരമ്പരയില്‍ ലീഡ് നേടുകയുമായിരുന്നു.

Content highlight: Sachin Tendulkar’s 5 wicket haul against Pakistan

We use cookies to give you the best possible experience. Learn more