ഐ.സി.സി ഏകദിന ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിന് ഒക്ടോബർ അഞ്ചിന് തുടക്കം കുറിച്ചു. ഉത്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ കിവീസ് തോൽപ്പിച്ചുകൊണ്ടായിരുന്നു ടൂർണമെന്റിന്റെ കൊടിയേറ്റം.
ഇപ്പോഴിതാ ലോകകപ്പിൽ സെമിഫൈനൽ എത്തുന്ന നാല് ടീമുകൾ ഏതൊക്കെയെന്ന് പ്രവചിച്ചിരിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ.
ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നീ നാല് ടീമുകളായിരിക്കും സെമിയിലേക്ക് മുന്നേറുക എന്നായിരുന്നു സച്ചിന്റെ പ്രവചനം.
ആതിഥേരായ ഇന്ത്യൻ ടീമിനെയും, അഞ്ച് തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെയും, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും, കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ന്യൂസിലാൻഡിനെയും ആദ്യ നാലിൽ തിരഞ്ഞെടുക്കാനുള്ള കാരണവും സച്ചിൻ വ്യക്തമാക്കി.
‘ഇന്ത്യയെ ആണ് ഞാൻ ആദ്യം തിരഞ്ഞെടുക്കുക. കാരണം ഇന്ത്യക്ക് വളരെ സന്തുലിതമായ ഒരു ടീമുണ്ട്. രണ്ടാമതായി ഞാൻ ഓസ്ട്രേലിയയെ പറയും കാരണം അവർക്കും ഇതുപോലെ മികച്ച ടീം ഉണ്ടെന്ന് എനിക്ക് തോന്നുന്നു. മൂന്നാമതായി ഞാൻ തിരഞ്ഞെടുക്കുക ഇംഗ്ലണ്ടിനെ ആയിരിക്കും. അവർക്ക് പുതിയ ഒരുപിടി മികച്ച താരങ്ങളും വളരെ നല്ല അനുഭവ സമ്പത്തുള്ള ഒരു ടീമുമുണ്ട്. നാലാമതായി ഞാൻ തെരഞ്ഞെടുക്കുന്ന ടീം ന്യൂസിലാൻഡ് ആയിരിക്കും. 2015ലും 2019ലും അവർ ഫൈനലിൽ എത്തിയിട്ടുണ്ട്. ലോകകപ്പിൽ അവരുടെ പ്രകടനങ്ങൾ നോക്കുകയാണെങ്കിൽ എല്ലായ്പ്പോഴും അവർ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. അതിനാൽ ഈ നാല് ടീമുകളും സെമിയിൽ എത്തും എന്ന് ഞാൻ കരുതുന്നു,’ ഐ.സി.സി യുടെ ഡിജിറ്റൽ ഇൻസൈഡറോട് സച്ചിൻ പറഞ്ഞു.
2011ലെ ത്രസിപ്പിക്കുന്ന ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള ഓർമകളും സച്ചിൻ പറഞ്ഞു. ‘ലോകകിരീടം മൈതാനത്തിൽ കൊണ്ടുവന്നത് വളരെ അതിശയകരമായ ഒരു അനുഭവമായിരുന്നു. 2011ൽ ഓസ്ട്രേലിയക്കെതിരെ നടന്ന ക്വാർട്ടർ ഫൈനലും മറക്കാൻ പറ്റാത്ത ഒന്നാണ്. 12 വർഷത്തിനുശേഷം വീണ്ടും ലോകകപ്പ് ഇന്ത്യയിൽ നടക്കുമ്പോൾ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്,’ സച്ചിൻ കൂട്ടിചേർത്തു.
ഒക്ടോബർ എട്ടിന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Content Highlight: Sachin tendulkar predicts the semi finalists of the worldcup.