ഇന്നലെ മെല്‍ബണില്‍ നടന്ന ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ വിജയിക്കുകയായിരുന്നു. തോല്‍വിയുറപ്പിച്ചിടത്ത് നിന്നാണ് ഇന്ത്യയുടെ തകര്‍പ്പന്‍ വിജയം.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ മറികടന്നായിരുന്നു ഇന്ത്യ ജയം നേടിയത്.
ഇന്ത്യന്‍ ടീമിന്റെ മുന്‍ നിര താരങ്ങളെല്ലാം തന്നെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ ഇന്ത്യയുടെ വിജയനായകനായത് മുന്‍ നായകന്‍ വിരാട് കോഹ്ലിയായിരുന്നു.
ബാറ്റിങ്ങിനിറങ്ങിയ നിമിഷത്തില്‍ അല്‍പം മങ്ങിയിരുന്നെങ്കിലും തുടര്‍ന്നങ്ങോട്ട് വിരാടിന്റെ തകര്‍പ്പന്‍ പ്രകടനത്തിനായിരുന്നു മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്.
53 പന്തില്‍ നിന്നും പുറത്താവാതെ 82 റണ്‍സായിരുന്നു വിരാട് നേടിയത്.
ടി-20യില്‍ ഓസീസ് മണ്ണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓസീസ് താരമല്ലാത്ത ബാറ്റര്‍ എന്ന റെക്കോഡ് ഇതിനോടകം തന്റെ പേരിലാക്കിയ വിരാട് ആ റെക്കോഡ് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.
പല ഓസ്ട്രേലിയന്‍ ബാറ്റര്‍മാരും വിരാടിന് പിന്നിലാണ് എന്നത് മറ്റൊരു സത്യം.
എന്നാല്‍ ഒക്ടോബര്‍ 23ന് നടന്ന മത്സരത്തില്‍ വെടിക്കെട്ട് ഇന്നിസിന് പിന്നാലെ ഇതിനേക്കാള്‍ വലിയ റെക്കോഡുകളാണ് വിരാട് തകര്‍ത്തിരിക്കുന്നത്.
ടി-20 ലോകകപ്പുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്.
ഇതിനോടകം താരത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. താരത്തിന് ആശംസകള്‍ അറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്.
വിരാടിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ആണ് ഇന്നലെ മെല്‍ബണില്‍ കണ്ട്ത് എന്നാണ് അദ്ദേഹം പറഞ്ഞത്.
”ഇത് താങ്കളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് ആണെന്ന് നിസംശയം പറയാം. 19ാം ഓവറില്‍ റൗഫിനെതിരെ അടിച്ച സിക്‌സര്‍ ഗംഭീരമായിരുന്നു. കീപ് ഇറ്റ് ഗോയിങ്,” സച്ചിന്‍ ട്വീറ്റ് ചെയ്തു.
ഹര്‍ദിക് പാണ്ഡ്യക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് വിരാട് ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത.
അവസാന ഒമ്പത് പന്തില്‍ നിന്നും 27 റണ്‍സ് വേണമെന്നിരിക്കെ വിരാടിന്റെ വെടിക്കെട്ടായിരുന്നു മെല്‍ബണില്‍ കണ്ടത്.
തോറ്റു എന്ന് ഉറപ്പിച്ച നിമിഷത്തില്‍ നിന്നുമായിരുന്നു വിരാട് വീണ്ടും പഴയ ക്യാപ്റ്റനായത്. മാസങ്ങള്‍ക്ക് മുമ്പ് വിമര്‍ശനങ്ങളുടെ കൂരമ്പുകളേറ്റുവാങ്ങിയ വിരാട് തന്നെയായിരുന്നു പാകിസ്ഥാനെതിരായ റീ മാച്ചില്‍ ഇന്ത്യയുടെ വിജയത്തിന് കാരണമായത്.
Content Highlights: Sachin Tendulkar praises Virat Kohli on Twitter