| Sunday, 5th November 2023, 9:34 pm

ഞാനെടുത്തത് 365 ദിവസമാണ്, കുറച്ച് ദിവസത്തിനുള്ളില്‍ നീയെന്റെ റെക്കോഡ് തകര്‍ക്കുമെന്ന് വിശ്വസിക്കുന്നു: പ്രശംസിച്ച് സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിനത്തില്‍ 49ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വളരെ വേഗം വിരാട് കോഹ്‌ലിക്ക് 50ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കാനും തന്റെ റെക്കോഡ് തകര്‍ക്കാനും സാധിക്കട്ടെ എന്നാണ് സച്ചിന്‍ പറഞ്ഞത്.

എക്‌സിലൂടെയായിരുന്നു സച്ചിന്റെ പ്രതികരണം.

‘വളരെ മികച്ച രീതിയില്‍ കളിച്ചു വിരാട്. ഈ വര്‍ഷമാദ്യം എനിക്ക് 49ല്‍ നിന്ന് 50ലെത്താന്‍ 365 ദിവസങ്ങളാണെടുത്തത്. എന്നാല്‍ വരും ദിവസങ്ങളില്‍ നീ 49ല്‍ നിന്നും 50ലെത്തുമെന്നും എന്റെ റെക്കോഡ് തകര്‍ക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു, അഭിനന്ദനങ്ങള്‍,’ സച്ചിന്‍ കുറിച്ചു.

ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ച്വറി പിറന്ന അതേ ഗ്രൗണ്ടില്‍ വെച്ച് തന്നെ തന്റെ റെക്കോഡ് സെറ്റിങ് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നതും വിരാടിന്റെ നേട്ടത്തിന് ഇരട്ടി മധുരം നല്‍കി.

അതേസമയം, വിരാട് കോഹ്‌ലിയുടെയും രവീന്ദ്ര ജഡേജയുടെയും കരുത്തില്‍ ഇന്ത്യ 243 റണ്‍സിന് സൗത്ത് ആഫ്രിക്കയെ നിലംപരിശാക്കിയിരുന്നു.

വിരാട് കോഹ്‌ലിക്കൊപ്പം ശ്രേയസ് അയ്യരും രോഹിത് ശര്‍മയും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അയ്യര്‍ 87 പന്തില്‍ 77 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ 40 റണ്‍സാണ് രോഹിത് നേടിയത്. മൂവരുടെയും ബാറ്റിങ് കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 27.1 ഓവറില്‍ വെറും 83 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് പടുകൂറ്റന്‍ വിജയം സമ്മാനിച്ചത്.

ജഡേജ 9 ഓവറില്‍ 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ തെംബ ബാവുമ, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, കഗീസോ റബാദ എന്നിവരാണ് ജഡേജക്ക് മുമ്പില്‍ വീണത്.

ജഡേജക്ക് പുറമെ മറ്റ് ബൗളര്‍മാരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

ഈ പടുകൂറ്റന്‍ പരാജയത്തിന് പിന്നാലെ സൗത്ത് ആഫ്രിക്കയുടെ നെറ്റ് റണ്‍ റേറ്റിലും വന്‍ ഇടിവ് വന്നിരിക്കുകയാണ്. എട്ട് മത്സരത്തില്‍ നിന്നും ആറ് ജയവുമായി 12 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക.

Content Highlight: Sachin Tendulkar praises Virat Kohli

We use cookies to give you the best possible experience. Learn more