| Wednesday, 21st December 2022, 5:13 pm

ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ ഹോട്ടലിലേക്ക് ആയിരിക്കില്ല നീ പോകുന്നത്, വീട്ടിലേക്ക് പറഞ്ഞുവിടും; ടീമംഗത്തിന് നല്‍കിയ 'ഭീഷണി' വെളിപ്പെടുത്തി സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് എന്ന ഗെയ്മിനൊപ്പം എല്ലാ കാലത്തും ചേര്‍ത്തുവെക്കുന്ന പേരാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റേത്. ഏകദിനത്തിലായാലും ടെസ്റ്റിലായാലും ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ എന്ന ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് ഇന്നും അണ്‍ബ്രേക്കബിളാണ്. 100 അന്താരാഷ്ട്ര സെഞ്ച്വറി നേടിയ ഏക ബാറ്ററും അദ്ദേഹം തന്നെയാണ്.

ബാറ്റിങ്ങില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററായ സച്ചിന്‍ കുറച്ചുകാലം ക്യാപ്റ്റനായി ഇന്ത്യയെ നയിച്ചിട്ടുമുണ്ട്. എന്നാല്‍ ബാറ്റിങ്ങില്‍ തിളങ്ങിയതുപോലെ ക്യാപ്റ്റന്‍സിയില്‍ ശോഭിക്കാന്‍ സച്ചിനായില്ല.

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുന്ന സമയത്ത് ജൂനിയറായ കളിക്കാരന് കൊടുത്ത ‘ഭീഷണിയെ’ പറ്റി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയില്‍ അലസമായി പന്തെറിഞ്ഞതിനെ തുടര്‍ന്നാണ് ടീമംഗത്തെ ‘ഭീഷണിപ്പെടുത്തിയതെന്നും’ അദ്ദേഹം പറഞ്ഞു. ഇന്‍ഫോസിസ് സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘അന്ന് ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ്. ഞങ്ങള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്. ജൂനിയറായ ഒരംഗം ടീമിലുണ്ടായിരുന്നു. അവന്റെ ആദ്യ പര്യടനമായിരുന്നു അത്. പ്രാക്ടീസിനിടക്ക് അവിടെ കൂടിനിക്കുന്നവരുടെ കൂടെ അവന്‍ കളിക്കുകയായിരുന്നു. അവനെറിഞ്ഞ ഒരു പന്ത് സിംഗിളാവേണ്ടതായിരുന്നു. എന്നാല്‍ ആ ഒരു പന്തില്‍ ബാറ്റ് ചെയ്തവര്‍ രണ്ട് റണ്ണെടുത്തു.

ഞാന്‍ പതുക്കെ അവനെ അടുത്തേക്ക് വിളിച്ചു, തോളില്‍ കയ്യിട്ട് സംസാരിച്ചു. അവനോട് ഞാന്‍ എന്താണ് പറഞ്ഞതെന്ന് ആര്‍ക്കും അറിയില്ല, എന്നാല്‍ ചെയ്തത് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല എന്ന കാര്യം അവന് മനസിലായി. അതിന് കാരണവുമുണ്ട്. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ നിന്നെ വീട്ടിലേക്ക് തിരിച്ച് അയക്കും, ഹോട്ടലിലേക്ക് ആയിരിക്കില്ല, ഇന്ത്യയിലേക്കായിരിക്കും പോവുക, എന്നാണ് അവനോട് പറഞ്ഞത്,’ സച്ചിന്‍ പറഞ്ഞു.

‘ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ അവിടെ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല. കാരണം ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് വലിയ ബഹുമതിയാണ്. ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്ന കോടിക്കണക്കിന് ആളുകളുണ്ട്. അതുകൊണ്ട് ഇത് നിസാരമായി കാണരുത്,’ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Sachin tendulkar has revealed about the ‘threat’ given to a junior player while he was the captain of the Indian team

Latest Stories

We use cookies to give you the best possible experience. Learn more