| Tuesday, 12th December 2023, 2:16 pm

വിശ്വസിച്ചാലും ഇല്ലെങ്കിലും; ഇന്ത്യക്കായി മറ്റാരെക്കാളും കൂടുതല്‍ പന്തെറിഞ്ഞത് സച്ചിനാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തില്‍ പകരം വെക്കാന്‍ സാധിക്കാത്ത പേരുകാരില്‍ പ്രധാനിയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ജനറേഷനിലെ ഗോട്ടായ സച്ചിന്‍ ക്രിക്കറ്റ് ഇതിഹാസം എന്ന വിളിപ്പേരിന് പൂര്‍ണമായും അര്‍ഹനുമാണ്.

ബാറ്റിങ്ങില്‍ ആരാലും തകര്‍ക്കാന്‍ സാധിക്കാത്ത പല റെക്കോഡുകളും സച്ചിന്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം ഏകദിന റണ്‍സ്, ഏറ്റവുമധികം ടെസ്റ്റ് റണ്‍സ്, ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം ഫോറുകള്‍, ഏകദിനത്തില്‍ ഏറ്റവുമധികം ഫോറുകള്‍, ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം ഫോറുകള്‍, ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ പുരുഷ താരം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം എന്നിങ്ങനെ റെക്കോഡുകള്‍ നീളുകയാണ്.

എന്നാല്‍ ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും സച്ചിന്‍ പല റെക്കോഡുകളും നേടിയിട്ടുണ്ട്. അതില്‍ ഒരു റെക്കോഡ് മറ്റാരാലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്തതുമാണ്.

ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികംമത്സരത്തില്‍ പന്തെറിഞ്ഞ താരം എന്ന നേട്ടമാണ് ഇപ്പോഴും സച്ചിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ കളിച്ച 463 മത്സരത്തിലെ 270 ഇന്നിങ്‌സില്‍ സച്ചിന്‍ പന്തെറിഞ്ഞിട്ടുണ്ട്.

263 ഏകദിനത്തില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ സ്പിന്‍ വിസാര്‍ഡ് അനില്‍ കുംബ്ലെയാണ് പട്ടികയിലെ രണ്ടാമന്‍. ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ നല്‍കിയ ലെജന്‍ഡറി സ്പീഡ്സ്റ്റര്‍ ജവഗല്‍ ശ്രീനാഥാണ് മൂന്നാമന്‍. 227 ഇന്നിങ്‌സിലാണ് ശ്രീനാഥ് ഇന്ത്യക്കായി പന്തുമേന്തി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് നടന്നടുത്തത്.

ടെന്‍ഡുല്‍ക്കറിന്റെ ഈ റെക്കോഡിന്റെ പ്രത്യേകതയെന്തെന്നാല്‍ സച്ചിനെ മറികടന്നുകൊണ്ട് മറ്റൊരു ഇന്ത്യന്‍ താരം ഈ നേട്ടം സ്വന്തമാക്കാനുള്ള സാധ്യതകള്‍ വളരെ വിരളമാണ് എന്നത് തന്നെ.

ആക്ടീവ് പ്ലെയേഴ്‌സില്‍ ഇന്ത്യക്കായി ഏറ്റവുമധികം ഏകദിന ഇന്നിങ്‌സില്‍ പന്തെറിഞ്ഞത് രവീന്ദ്ര ജഡേജയാണ്. 189 ഇന്നിങ്‌സിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഇന്ത്യക്കായി പന്തെറിഞ്ഞിട്ടുള്ളത്. രണ്ടാമതുള്ള മുഹമ്മദ് ഷമിയാകട്ടെ 100 ഇന്നിങ്‌സിലും പന്തെറിഞ്ഞിട്ടുണ്ട്.

ഏകദിനത്തില്‍ പന്തെറിയുക മാത്രമല്ല വിക്കറ്റ് വീഴ്ത്തുന്നതിലും സച്ചിന്‍ മുന്നിട്ട് നിന്നിട്ടുണ്ട്. പ്രധാന ബൗളര്‍മാരെക്കാളും കൂടുതല്‍ മത്സരത്തില്‍ പന്തെറിഞ്ഞ പാര്‍ട് ടൈം ബൗളര്‍ 154 വിക്കറ്റും നേടിയിട്ടുണ്ട്. ഇതില്‍ നാല് തവണ നാല് വിക്കറ്റ് നേട്ടവും രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

1997-98 ട്രയാംഗുലര്‍ സീരിസില്‍ ഓസ്‌ട്രേലിയക്കെതിരെ 32 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് കരിയറിലെ മികച്ച ബൗളിങ് പ്രകടനം. കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൈക്കല്‍ ബെവന്‍, ക്യാപ്റ്റന്‍ സ്റ്റീവ് വോ ഡാരന്‍ ലെമാന്‍, ടോം മൂഡി, ഡേമിയന്‍ മാര്‍ട്ടിന്‍ എന്നിവരെയാണ് സച്ചിന്‍ മടക്കിയത്.

ശേഷം 2004ല്‍ പാകിസ്ഥാനെതിരെയാണ് സച്ചിന്‍ ഏകദിന കരിയറിലെ രണ്ടമത്തെതും അവസാനത്തേതുമായ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഇത്തവണയും സച്ചിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് സാക്ഷ്യം വഹിച്ചത് കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയം തന്നെയായിരുന്നു.

ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 10 ഓവര്‍ പന്തെറിഞ്ഞ സച്ചിന്‍ 50 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്, മുഹമ്മദ് ഹഫീസ്, അബ്ദുള്‍ റസാഖ്, ഷാഹിദ് അഫ്രിദി, മുഹമ്മദ് സമി എന്നിവരെയാണ് സച്ചിന്‍ മടക്കിയത്.

ഏകദിനത്തില്‍ മാത്രമല്ല റെഡ് ബോള്‍ ഫോര്‍മാറ്റിലും സച്ചിന്‍ പന്തെടുത്തിട്ടുണ്ട്. 200 ടെസ്റ്റിലെ 145 ഇന്നിങ്‌സില്‍ നിന്നും 46 വിക്കറ്റാണ് സച്ചിന്‍ നേടിയത്. ടി-20യിലാകട്ടെ ഒരു മാച്ചില്‍ നിന്നും ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

Content Highlight: Sachin Tendulkar has bowled the most ODI matches for India

Latest Stories

We use cookies to give you the best possible experience. Learn more