| Wednesday, 15th April 2020, 2:23 pm

കൊച്ചി കൊമ്പന്‍മാര്‍ നിഷ്പ്രഭമാക്കിയ സെഞ്ച്വറി; സച്ചിന്റെ ഏക ഐ.പി.എല്‍ സെഞ്ച്വറിയ്ക്ക് 9 വയസ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഏക ഐ.പി.എല്‍ സെഞ്ച്വറിയ്ക്ക് ഇന്ന് 9 വയസ്. 2011 ല്‍ ഏപ്രില്‍ 15 ന് കേരളത്തിന്റെ ഐ.പി.എല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ സെഞ്ച്വറി പ്രകടനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏകദിന ലോകകപ്പ് വിജയത്തിന് പിന്നാലെ ആരംഭിച്ച സീസണായിരുന്നു അത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന സച്ചിന്‍ ആ പ്രകടനത്തോടെ ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡും സ്വന്തമാക്കി.

എന്നാല്‍ ആ മത്സരത്തില്‍ സച്ചിന്റെ മുംബൈയ്ക്ക് ജയിക്കാനായില്ല. കൊച്ചി ടസ്‌കേഴ്‌സിനായി ബ്രണ്ടന്‍ മക്കല്ലവും മഹേള ജയവര്‍ധനയെും എട്ട് വിക്കറ്റ് ജയം സമ്മാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് സച്ചിനും ഡേവി ജേക്കബ്‌സും ഒന്നാം വിക്കറ്റില്‍ 61 റണ്‍സ് സമ്മാനിച്ചു. ഒമ്പതാം ഓവറില്‍ 12 റണ്‍സെടുത്ത ജേക്കബ് പുറത്ത്. പിന്നാലെ അംബാട്ടി റായിഡു ക്രീസില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവരും ചേര്‍ന്ന് റണ്‍നിരക്ക് ഉയര്‍ത്തി. 33 പന്തില്‍ സച്ചിന്‍ അര്‍ധസെഞ്ച്വറി പിന്നിട്ടു.

ഇന്നിംഗ്‌സിലെ അവസാനപന്തില്‍ സച്ചിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുമ്പോള്‍ നേരിട്ടിരുന്നത് 66 പന്ത്. നേടിയത് 14 ഫോറും മൂന്ന് സിക്‌സും. 182 ന് രണ്ട് എന്ന നിലയിലാണ് മുംബൈ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

എന്നാല്‍ മറുപടി ബാറ്റിംഗില്‍ കൊച്ചി ടസ്‌കേഴ്‌സ് സച്ചിന്റെ സെഞ്ച്വറിയെ നിഷ്പ്രഭമാക്കി. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തിയ മക്കല്ലം-ജയവര്‍ധനെ കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ നേടിയത് 128 റണ്‍സ്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മക്കല്ലം 81 റണ്‍സും ജയവര്‍ധനെ 56 റണ്‍സും നേടി. ഒരോവര്‍ ബാക്കിനില്‍ക്കെയാണ് കൊച്ചിയുടെ കൊമ്പന്‍മാര്‍ മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ വിജയം നേടിയത്.

78 ഐ.പി.എല്‍ മത്സരങ്ങളിലായി 2334 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 13 അര്‍ധസെഞ്ച്വറിയും നേടിയിട്ടുണ്ട്. 2010 ലെ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന് ഓറഞ്ച് ക്യാപും സ്വന്തമാക്കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more