മുംബൈ: ക്രിക്കറ്റ് ബാറ്റിന്റെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ തന്റെ പേരും ചിത്രവും ഉപയോഗിച്ചതിന്റെ കണക്കില്‍ ഓസ്‌ട്രേലിയന്‍ കമ്പനി റോയല്‍റ്റിയായി 20 ലക്ഷം ഡോളര്‍ നല്‍കാനുണ്ടെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഏകദേശം 14 കോടി രൂപയോളം വരുമിത്.
കമ്പനിക്കെതിരേ സച്ചിന്‍ സിവില്‍ കേസ് ഫയല്‍ ചെയ്തുകഴിഞ്ഞു. ഫെഡറല്‍ കോടതിയിലാണ് സച്ചിന്‍ കേസ് ഫയല്‍ ചെയ്തത്.
വര്‍ഷാവര്‍ഷം 10 ലക്ഷം ഡോളര്‍ വീതം റോയല്‍റ്റി ഇനത്തില്‍ തരാമെന്ന ഉറപ്പിന്മേല്‍ 2016-ലാണ് സിഡ്‌നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സുമായി സച്ചിന്‍ കരാറിലേര്‍പ്പെട്ടത്. തന്റെ ചിത്രവും മറ്റും ബാറ്റിന്റെ വില്‍പ്പനയ്ക്കായി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് കരാര്‍.
‘സച്ചിന്‍ ബൈ സ്പാര്‍ട്ടന്‍’ എന്ന പേരില്‍ സ്‌പോര്‍ട്‌സ് ഉത്പന്നങ്ങളും വസ്ത്രങ്ങളും വില്‍പ്പന നടത്താനായിരുന്നു ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളില്‍ താന്‍ പങ്കെടുത്തതായും സച്ചിന്‍ കോടതിയെ അറിയിച്ചു.
2018-ലാണ് റോയല്‍റ്റി തരുന്ന കാര്യത്തില്‍ കമ്പനി വീഴ്ച വരുത്തിയത്. പണം ആവശ്യപ്പെട്ട് താന്‍ കമ്പനിയെ സമീപിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നാണ് സച്ചിന്റെ ആരോപണം.
തുടര്‍ന്നു തന്റെ പേര് ഉപയോഗിക്കുന്നതു നിര്‍ത്തണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും അതവര്‍ തുടര്‍ന്നതായി സച്ചിന്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞദിവസം മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിക്ക് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സച്ചിന്‍ അഭിനന്ദിച്ചിരുന്നു. ‘ക്രിക്കറ്റിന് നല്‍കുന്ന പ്രചാരണത്തിന് മോദിജിക്ക് നന്ദി, ലോകകപ്പ് ക്രിക്കറ്റ് വേളയിലെ ക്രിക്കറ്റ് നയതന്ത്രത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. എത്രയും പെട്ടെന്ന് മാലിദ്വീപും ക്രിക്കറ്റ് ഭൂപടത്തില്‍ വരട്ടെ’ എന്നു സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഒപ്പിട്ട ബാറ്റായിരുന്നു മോദി നല്‍കിയത്.