വാര്‍ണറുടേയും ബെയര്‍സ്റ്റോയുടേയും ബാറ്റിങിനെ അഭിനന്ദിച്ച് പ്രമുഖ താരങ്ങള്‍; വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമെന്ന് സച്ചിന്‍
IPL 2019
വാര്‍ണറുടേയും ബെയര്‍സ്റ്റോയുടേയും ബാറ്റിങിനെ അഭിനന്ദിച്ച് പ്രമുഖ താരങ്ങള്‍; വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമെന്ന് സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st March 2019, 9:59 pm

ഹൈദരാബാദ്: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ച്ചവെച്ച ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോവിനേയും അഭിനന്ദിച്ച് പ്രമുഖ താരങ്ങള്‍. വാര്‍ണറുടേയും ബെയര്‍സ്റ്റോയുടേയും ബാറ്റിങ് വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണെന്നായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചത്.

സച്ചിനെ കൂടാതെ മൈക്കല്‍ വോണ്‍, ആര്‍.പി സിങ്ങ്, ജെയിംസ് ടെയ്ലര്‍, ഇര്‍ഫാന്‍ പഠാന്‍, ആകാശ് ചോപ്ര, വിനോദ് കാംബ്ലി തുടങ്ങി നിരവധി താരങ്ങളാണ് അഭിനന്ദനവുമായെത്തിയത്.

“വാര്‍ണറുടേയും ബെയര്‍സ്റ്റോയുടേയും ബാറ്റിങ് വാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ്. മനോഹര ഷോട്ടുകളും മികച്ച റണ്ണിങ്ങും. അതും ഇത്രയും ചൂടുള്ള കാലാവസ്ഥയില്‍. ഈ ഇന്നിങ്സുകള്‍ പരാമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്.” സച്ചിന്‍ ട്വീറ്റ് ചെയ്തു.

“ജോണി…ജോണി…ഹിറ്റിങ് സിക്സ്? യെസ് പപ്പാ..!” ഇങ്ങനെ ആയിരുന്നു പഠാന്റെ അഭിനന്ദനം.

52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ബെയര്‍സ്റ്റോ പുറത്താകുമ്പോള്‍ 56 പന്തില്‍ 114 റണ്‍സ് തികച്ചിരുന്നു. അതിര്‍ത്തിയിലേക്ക് പറന്നത് 12 ഫോറും ഏഴ് സിക്സും. ആദ്യം മുതലെ തകര്‍ത്തു കളിച്ച വാര്‍ണര്‍ 55 പന്തില്‍ 100 റണ്‍സ് തികയ്ക്കുകയായിരുന്നു. ഒരിന്നിങ്സില്‍ രണ്ട് സെഞ്ചുറി വരുന്ന രണ്ടാമത്തെ ഐ.പി.എല്‍ മത്സരമാണ് ഇന്നത്തേത്.

ബാറ്റിംഗില്‍ ബെയര്‍‌സ്റ്റോയും വാര്‍ണറും ബൗളിംഗില്‍ നബിയും തിളങ്ങിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ സണ്‍റൈസേഴ്സിന് 118 റണ്‍സിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കാനായത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സിന്റെ ഇന്നിംഗ്സ് 19.5 ഓവറില്‍ 113ല്‍ അവസാനിച്ചു. മുഹമ്മദ് നബി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി. സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി.