ഇത്തരം പിച്ചുകളാണ് വേണ്ടത്; പെര്‍ത്തിലെ പിച്ചിനെ പിന്തുണച്ച് സച്ചിനും
Cricket
ഇത്തരം പിച്ചുകളാണ് വേണ്ടത്; പെര്‍ത്തിലെ പിച്ചിനെ പിന്തുണച്ച് സച്ചിനും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd December 2018, 4:07 pm

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിലെ പെര്‍ത്ത് പിച്ചിന് ഐ.സി.സി മാച്ച് റഫറി ശരാശരി മാര്‍ക്ക് നല്‍കിയതിരെ വിമര്‍ശനവുമായി സച്ചിന്‍ തെണ്ടുല്‍ക്കറും രംഗത്ത്. പെര്‍ത്ത് ഒരിക്കലും ഒരു ശരാശരി പിച്ചല്ല. ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍മാരുടെയും ബൗളര്‍മാരുടെയും കഴിവ് പരിശോധിക്കുന്ന ഇത്തരം പിച്ചുകള്‍ ഉണ്ടാവണമെന്നും സച്ചിന്‍ പറഞ്ഞു.

“ക്രിക്കറ്റില്‍ പിച്ചുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിനും മത്സരത്തിന്റെ ആവേശം നിലനിര്‍ത്തുന്നതിനും പെര്‍ത്തിലേതുപോലുള്ള കൂടുതല്‍ പിച്ചുകള്‍ ഉണ്ടാകേണ്ടതുണ്ട്. ഇത്തരം പിച്ചുകളിലാണ് ബാറ്റ്സ്മാന്റേയും ബൗളറുടേയും യഥാര്‍ത്ഥ കഴിവുകള്‍ പരീക്ഷിക്കപ്പെടുക. ഒരര്‍ത്ഥത്തിലും പെര്‍ത്തിലെ പിച്ച് ശരാശരിയില്‍ ഒതുങ്ങുന്നതല്ല” സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് മുന്നോടിയായി തയ്യാറാക്കിയ പിച്ച് റിപ്പോര്‍ട്ടിനെതിരെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം മുന്‍താരങ്ങളായ മിച്ചല്‍ ജോണ്‍സണും മൈക്കല്‍ വോണും ഇതേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിനും മാച്ച റഫറിക്കെതിരെ രംഗത്തുവന്നത്.

പെര്‍ത്തിലെ അപ്രതീക്ഷിത ബൗണ്‍സിനെ തുടര്‍ന്ന് ഐ.സി.സി മാച്ച് റഫറി രഞ്ജന്‍ മധുഖലെയാണ് പിച്ചിന് ശരാശരി റേറ്റിംഗ് നല്‍കി റിപ്പോര്‍ട്ട് തയാറാക്കിയത്.