ഇത് ഇനിയും അവസാനിച്ചില്ലേ! സഞ്ജുവിനെതിരെ വീണ്ടും സച്ചിന്‍
IPL
ഇത് ഇനിയും അവസാനിച്ചില്ലേ! സഞ്ജുവിനെതിരെ വീണ്ടും സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st May 2022, 7:56 am

ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞതിന് ശേഷവും മത്സരം സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കും ക്രിക്കറ്റ് വിചക്ഷണന്‍മാരുടെ നിരീക്ഷണങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ തീരുമാനത്തെ വിമര്‍ശിച്ചായിരുന്നു സകലമാന അനലിസ്റ്റുകളും രംഗത്തെത്തിയത്.

ഇപ്പോഴിതാ, സഞ്ജുവിന്റെ ആ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നേരത്തെ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മോശം ഷോട്ട് കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞതിനെയും സച്ചിന്‍ വിമര്‍ശിച്ചിരുന്നു.

ഫൈനലില്‍ ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനത്തില്‍ ആശ്ചര്യപ്പെട്ടെന്നും എന്തുകൊണ്ടാണ് സഞ്ജു അത്തരത്തിലൊരു തീരുമാനമെടുത്തതെന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒരുപക്ഷെ, ഫൈനലായതിനാലായിരിക്കാം ഇത്തരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തത്. ഈ വിക്കറ്റില്‍, ഈ ഗ്രൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സ് നേരത്തേ കളിച്ചിട്ടില്ല.

എന്നാല്‍ രണ്ടാം ക്വാളിഫയര്‍ ഇവിടെ കളിച്ചതിനാല്‍ രാജസ്ഥാന്‍ റോയല്‍സിന് അതിന്റെ മുന്‍തൂക്കമുണ്ടായിരുന്നു. വിക്കറ്റിന്റെ രീതി എങ്ങനെയായിരിക്കുമെന്നും, അത് എങ്ങനെ പെരുമാറുമെന്നുമുള്ള കൃത്യമായ ധാരണ റോയല്‍സിനുണ്ടായിരുന്നു,’ സച്ചിന്‍ പറയുന്നു.

ഫൈനലില്‍ ടോസിനു ശേഷം ബൗളിംഗ് തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിക്കുമായിരുന്നു എന്നാണ് സച്ചിന്റെ വിലയിരുത്തല്‍.

‘ആദ്യം ബാറ്റിംഗിനിറങ്ങുന്ന ടൈറ്റന്‍സ് ഉറപ്പായും വലിയൊരു ടോട്ടല്‍ കെട്ടിപ്പടുക്കുന്നതിനെ കുറിച്ചാവും ചിന്തിക്കുന്നത്, പ്രത്യേകിച്ചും രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ജോസ് ബട്‌ലറുടെ ബാറ്റിംഗ് കണ്ടതിനാല്‍ ഉറപ്പായും അവര്‍ സമ്മര്‍ദ്ദത്തിലാവുമായിരുന്നു,’ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, രണ്ടാം ക്വാളിഫയറില്‍, വാനിന്ദു ഹസരങ്കയുടെ പന്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് സഞ്ജുവിനെ വിമര്‍ശിച്ച് സച്ചിനെത്തിയത്. സഞ്ജു ക്രീസില്‍ നിന്ന് കളിക്കണെമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ഫൈനലില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം തുടക്കത്തിലേ പിഴയ്ക്കുന്ന കാഴ്ചയായിരുന്നു അഹമ്മദാബാദില്‍ കണ്ടത്. ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റുകള്‍ നിലം പൊത്തിയപ്പോള്‍ രാജസ്ഥാന്‍ ഇന്നിംഗ്‌സ് 130ല്‍ അവസാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ടൈറ്റന്‍സ് ഏഴ് വിക്കറ്റും 11 പന്തും ബാക്കി നില്‍ക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

 

Content Highlight: Sachin Tendulkar Criticize Sanju Samson for the decision in IPL Final