ഐ.പി.എല്‍ 2022 ഫൈനല്‍ കളിക്കുന്ന രണ്ടാമത്തെ ടീമിനെ കണ്ടെത്താനുള്ള രണ്ടാം ക്വാളിഫയറിന് പിന്നാലെ സഞ്ജു സാംസണെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സഞ്ജു അനാവശ്യമായി വിക്കറ്റ് കളഞ്ഞു കുളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജു ഇത്തരത്തില്‍ അനാവശ്യമായി ഒരു ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞതിന്റെ നിരാശയായിരുന്നു സച്ചിന്റെ വിമര്‍ശനത്തിന് പിന്നില്‍.
തന്റെ യൂട്യൂബ് ചാനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം വിലയിരുത്തുന്നതിനിടെയാണ് സച്ചിന്‍ ഇക്കാര്യം പറയുന്നത്.
‘മികച്ച രീതിയില്‍ കളിക്കുമ്പോഴാണ് സഞ്ജു പുറത്താവുന്നത്. ആവശ്യമില്ലാത്ത ഒരു ഷോട്ട് കളിച്ചാണ് ഹസരങ്കയുടെ പന്തില്‍ സഞ്ജു വീണ്ടും പുറത്താവുന്നത്. ഇത് ആറാം തവണയാണ് ഹസരങ്ക അദ്ദേഹത്തെ പുറത്താക്കുന്നത് എന്നാണ് എന്റെ ഓര്‍മ.
അവന്‍ അത്തരത്തിലുള്ള ഷോട്ട് കളിക്കാന്‍ പാടില്ലായിരുന്നു. സഞ്ജു ഔട്ടായിരുന്നില്ലെങ്കില്‍ മത്സരം നേരത്തെ തീരുമായിരുന്നു,’ സച്ചിന്‍ പറഞ്ഞു.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ ആര്‍.സി.ബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. രജത് പാടിദാര്‍ ഒരിക്കല്‍ക്കൂടി തിളങ്ങിയപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് 157 റണ്‍സെടുത്തിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനെ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ ബാറ്റിംഗ് മികവിലാണ് വിജയം പിടിച്ചെടുത്തത്.
എത്തവണത്തേയും പോലെ വാനിന്ദു ഹസരങ്കയാണ് സഞ്ജുവിനെ മടക്കിയത്. ഹസരങ്കയെ ക്രീസിന് പുറത്തിറങ്ങി തൂക്കാനായിരുന്നു സഞ്ജുവിന്റെ ശ്രമം.
എന്നാല്‍, ഹസരങ്കയുടെ ടേണ്‍ മിസ് ജഡ്ജ് ചെയ്ത സഞ്ജു ബീറ്റണാവുകയും കാര്‍ത്തിക് താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയുമായിരുന്നു (വീഡിയോ). സീസണില്‍ മൂന്നാം തവണയാണ് ഹസരങ്ക സഞ്ജുവിനെ പുറത്താക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ രാജസ്ഥാന്‍ ഫൈനല്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പിച്ച ഗുജറാത്ത് തന്നെയാണ് ഫൈനലില്‍ ടീമിന്റെ എതിരാളികള്‍.
Content Highlight: Sachin Tendulkar Criticize Sanju Samson after his dismissal at Qualifier 2