| Sunday, 16th October 2022, 7:18 pm

ക്രിക്കറ്റ് ലോകത്തോട് അത് അവര്‍ വിളിച്ചുപറഞ്ഞു; വമ്പന്‍ തുടക്കത്തിന് പിന്നാലെ നമീബിയക്ക് ദൈവത്തിന്റെ അഭിനന്ദനവും

സ്പോര്‍ട്സ് ഡെസ്‌ക്

2022 ടി-20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ വിജയമാഘോഷിച്ച നമീബിയയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അസോസിയേറ്റ് രാജ്യമായിരുന്നിട്ട് കൂടിയും ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായ ശ്രീലങ്കയെ തറപറ്റിച്ചതിന് പിന്നാലെയാണ് സച്ചിന്റെ അഭിനന്ദന സന്ദേശം നമീബിയയെ തേടിയെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ അഭിനന്ദനങ്ങള്‍.

‘പേര് ഓര്‍ത്തുവെച്ചോളൂ എന്ന് ക്രിക്കറ്റ് ലോകത്തോട് നമീബിയ പറഞ്ഞിരിക്കുന്നു,’ എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

സച്ചിന്റെ ട്വീറ്റ് ക്രിക്കറ്റ് നമീബിയ തങ്ങളുടെ ഔഗ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ 55 റണ്‍സിനായിരുന്നു നമീബിയ ശ്രീലങ്കയെ തോല്‍പിച്ചത്. 20 ഓവറില്‍ നമീബിയ 163 റണ്‍സ് നേടിയപ്പോള്‍ 108 റണ്‍സ് നേടാനേ ലങ്കക്ക് കഴിഞ്ഞിരുന്നുള്ളൂ.

നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് ഓപ്പണ്‍മാരെയും നമീബിയക്ക് നഷ്ടമായിരുന്നു. ആറ് പന്തില്‍ നിന്നും മൂന്ന് റണ്‍സ് മാത്രമെടുത്ത മൈക്കല്‍ വാന്‍ ലിങ്കനും ഒമ്പത് പന്തില്‍ നിന്നും ഒമ്പത് റണ്‍സെടുത്ത ഡിവാന്‍ ലാ കോക്കുമാണ് പുറത്തായത്.

ടോപ് ഓര്‍ഡര്‍ പരുങ്ങിയപ്പോള്‍ ടീമിന്റെ മിഡില്‍ ഓര്‍ഡര്‍ പതുക്കെ സ്‌കോര്‍ ഉയര്‍ത്തി. സ്റ്റീഫന്‍ ബ്രാഡും ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസും ചേര്‍ന്ന് അടിത്തറയിട്ട ഇന്നിങ്സിന് ജാന്‍ ഫ്രൈലിങ്കും ജെ.ജെ. സ്മിത്തും പേസ് നല്‍കി.

ഒടുവില്‍ നിശ്ചിത ഓവറില്‍ 163 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ നമീബിയ ഇന്നിങ്സിന് വിരാമമിട്ടു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്കും പിഴച്ചു. ലങ്കന്‍ സ്‌കോര്‍ 21ല്‍ നില്‍ക്കവെ ടീമിന്റെ ടോപ് ഓര്‍ഡര്‍ നിലംപൊത്തി. പാതും നിസങ്ക ഒമ്പത് റണ്‍സും കുശാല്‍ മെന്‍ഡിസ് ആറ് റണ്‍സും നേടി പുറത്തായപ്പോള്‍ ധനഞ്ജയ ഡി സില്‍വ ടീം ടോട്ടലിലേക്ക് 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത് തിരിച്ചുനടന്നു.

നമീബിയയെ പോലെ മിഡില്‍ ഓര്‍ഡറാണ് ഇവിടെയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. ഏറെ പ്രതീക്ഷയായിരുന്ന ധനുഷ്‌ക ഗുണതിലക പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണകയും ഭാനുക രജപക്സെയും ഇന്നിങ്സിനെ ആഹ്കര്‍ ചെയ്ത് നിര്‍ത്തി.

എന്നാല്‍ ഇരുവരും പുറത്തായപ്പോള്‍ പിന്നീടെല്ലാം ചടങ്ങ് മാത്രമായി. ഇവര്‍ക്ക് പിന്നാലെയെത്തിയവരെല്ലാം തന്നെ ഒന്നിന് പിറകെ ഒന്നായി പുറത്തായപ്പോള്‍ ലങ്ക 19 ഓവറില്‍ 108ന് ഓള്‍ ഔട്ടായി. ഇതോടെയാണ് നമീബിയ 55 റണ്‍സിന്റെ വിജയം ആഘോഷിച്ചത്.

ആദ്യ മത്സരത്തില്‍ ലങ്കയെ തറപറ്റിച്ചതോടെ സൂപ്പര്‍ 12ലെത്താനുള്ള സാധ്യതയും നമീബിയ സജീവമാക്കി.

ഒക്ടോബര്‍ 18നാണ് നമീബിയയുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്സ് ആണ് എതിരാളികള്‍.

Content highlight: Sachin Tendulkar congratulates Namibia

We use cookies to give you the best possible experience. Learn more