| Friday, 1st September 2023, 4:09 pm

നാല് പതിറ്റാണ്ട് ചരിത്രത്തിലെ അത്യപൂര്‍വ ഏഷ്യാ കപ്പ് ഡബിള്‍, അവകാശികള്‍ സച്ചിനും സേവാഗും മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

മറ്റൊരു ഏഷ്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് കൂടി തിരി തെളിഞ്ഞിരിക്കുകയാണ്. 1984ല്‍ ആരംഭിച്ച ഏഷ്യാ കപ്പിന്റെ 16ാം എഡിഷനാണ് 2023ല്‍ നടക്കുന്നത്. ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ഏഴ് തവണ ചാമ്പ്യന്‍മാരായപ്പോള്‍ ശ്രീലങ്ക ആറ് തവണയും പാകിസ്ഥാന്‍ രണ്ട് തവണയും കപ്പുയര്‍ത്തി.

നാല് പതിറ്റാണ്ടോളം പാരമ്പര്യമുള്ള ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ പല നേട്ടങ്ങളും പിറന്നിട്ടുണ്ട്. എന്നാല്‍ അതിലെ അത്യപൂര്‍വ നേട്ടത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ആ നേട്ടം സ്വന്തമാക്കിയതാകട്ടെ രണ്ടേ രണ്ട് താരങ്ങളും.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ മുന്‍പന്തിയിലുണ്ടാകുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സേവാഗുമാണ് ഈ അത്യപൂര്‍വ ഡബിള്‍ നേട്ടം സ്വന്തമാക്കിയത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഇരുവരും ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. ഏഷ്യാ കപ്പില്‍ 500 റണ്‍സും പത്ത് വിക്കറ്റും നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ഈ പേരോടെ ആ പട്ടിക അവസാനിക്കുകയാണ്.

ഏഷ്യാ കപ്പിലെ 23 മത്സരത്തിലെ 21 ഇന്നിങ്‌സില്‍ നിന്നും 971 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 51.10 എന്ന ആവറേജിലും 58.47 എന്ന സ്‌ട്രൈക്ക് റേറ്റിലും റണ്ണടിച്ചുകൂട്ടിയ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍ 114 ആണ്. ഏഷ്യാ കപ്പില്‍ രണ്ട് തവണ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്‍ ഏഴ് തവണ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഏഷ്യാ കപ്പില്‍ സച്ചിന്റെ ബൗളിങ് പ്രകടനത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 17 വിക്കറ്റ് വീഴ്ത്തിയതായി കാണാം. 15 മത്സരത്തിലാണ് സച്ചിന്‍ പന്തെറിഞ്ഞത്.

ഈ മത്സരങ്ങളില്‍ നിന്നുമായി ആകെ 76.2 ഓവറാണ് സച്ചിന്‍ എറിഞ്ഞത്. അതായത് 458 പന്തുകള്‍. 364 റണ്‍സ് വഴങ്ങിയാണ് സച്ചിന്‍ 17 വിക്കറ്റ് വീഴ്ത്തിയത്. 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് സച്ചിന്റെ മികച്ച ബൗളിങ് ഫിഗര്‍.

അതേസമയം, 13 മത്സരത്തില്‍ നിന്നും 509 റണ്‍സാണ് വിരേന്ദര്‍ സേവാഗിനുള്ളത്. 39.15 എന്ന ശരാശരിയിലും 113.87 എന്ന സ്‌ട്രൈക്ക് റേറ്റിലും സ്‌കോര്‍ ചെയ്ത സേവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍ 119 ആണ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് സേവാഗ് സ്വന്തമാക്കിയത്.

പന്തെറിഞ്ഞ പത്ത് മത്സരത്തില്‍ നിന്നും 12 വിക്കറ്റാണ് ഏഷ്യാ കപ്പില്‍ സേവാഗിന്റെ സമ്പാദ്യം. ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം. പത്ത് മത്സരത്തില്‍ നിന്നും 55.4 ഓവറാണ് സേവാഗ് ഏറിഞ്ഞു തീര്‍ത്തത്. 21.16 എന്ന ആവറേജും 4.56 എന്ന തകര്‍പ്പന്‍ എക്കോണമിയുമാണ് സേവാഗിനുള്ളത്.

സച്ചിനും സേവാഗും മാത്രമുള്ള ഈ പട്ടികയില്‍ കാലെടുത്തുവെക്കുന്ന മൂന്നാമന്‍ ആരെന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Content Highlight: Sachin Tendulkar and Virender Sehwag are the only player with 500 runs and 10 wickets in Asia Cup

We use cookies to give you the best possible experience. Learn more