Sports News
മിന്നും നേട്ടത്തില്‍ സച്ചിനും അശ്വിനും; ബുംറയ്ക്കും മന്ഥാനയ്ക്കും പുരസ്‌കാരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 02, 06:11 am
Sunday, 2nd February 2025, 11:41 am

ക്രിക്കറ്റിലെ മികച്ച സംഭാവനകള്‍ക്ക് കേണല്‍ സി.കെ. നായിഡുവിന്റെ പേരിലുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വന്തമാക്കി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പുരുഷ വിഭാഗത്തിലെ മികച്ച ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ അവാര്‍ഡ് ജസ്പ്രീത് ബുംറയ്ക്ക് ലഭിച്ചു.

ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങളും ബുംറ അടുത്തിടെ നേടിയിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

വനിതാ വിഭാഗത്തിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്ററായി സ്മൃതി മന്ഥാനയെയും തിരഞ്ഞെടുത്തു. ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ കൂടിയാണ് മന്ഥാന. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രവിചന്ദ്രന്‍ അശ്വിന് പ്രത്യേക പുരസ്‌കാരവും ലഭിച്ചു. മികച്ച അന്താരാഷ്ട്ര അരങ്ങേറ്റത്തിനുള്ള പുരസ്‌കാരം സര്‍ഫറാസ് ഖാന്‍ സ്വന്തമാക്കി.

പുരസ്‌കാര ചടങ്ങില്‍ സച്ചിന്‍ സംസാരിച്ചിരുന്നു. വിരമിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരിക്കലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിക്കില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും കളിക്കുന്ന കാലത്തോളം മികവ് പുലര്‍ത്തണമെന്നും സച്ചിന്‍ പറഞ്ഞു.

‘നിങ്ങള്‍ വിരമിച്ചുകഴിഞ്ഞാല്‍ സമയം തിരികെ വരില്ല എന്നതിനാല്‍ നിങ്ങളുടെ കളിയില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഇനിയൊരിക്കലും രാജ്യത്തിന് വേണ്ടി കളിക്കാന്‍ കഴിയില്ലെന്ന് 2013ലെ അവസാന ദിനത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു,’ സച്ചിന്‍ പറഞ്ഞു.

ഇന്ത്യക്കായി ടെസ്റ്റില്‍ 200 മത്സരങ്ങളിലെ 329 ഇന്നിങ്‌സില്‍ നിന്ന് 15921 റണ്‍സാണ് സച്ചിന്‍ നേടിയത്. അതില്‍ 248* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സച്ചിന് സാധിച്ചു. ഏകദിനത്തിലെ 463 മത്സരത്തിലെ 452 മത്സരത്തില്‍ നിന്ന് 18426 റണ്‍സാണ് താരം നേടിയത്. 200* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സച്ചിന്‍ നേടി.

Content Highlight: Sachin Tendulkar And Indian Players Awarded