ക്രിക്കറ്റിന്റെ ദൈവം എന്ന വിശേഷണമുള്ള വ്യക്തിയാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭൂരിഭാഗം റെക്കോർഡുകളും സച്ചിൻ കരിയർ അവസാനിപ്പിക്കുന്നതിന് മുൻപ് തന്റെ പേരിലാക്കിയിരുന്നു. ക്രിക്കറ്റിനെ ഒരു മതമായും സച്ചിനെ അതിന്റെ ദൈവമായുമാണ് ഇന്ത്യൻ ആരാധകർ കണ്ടിരുന്നത്.
ലോക ക്രിക്കറ്റിലെ ഭൂരിഭാഗം ഇതിഹാസ ബൗളർമാരെയും നേരിടാൻ ഭാഗ്യമുണ്ടായ ക്രിക്കറ്റർ കൂടിയാണ് സച്ചിൻ. ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ, വസീം അക്രം, വഖാർ യൂനിസ്, ഷുഐബ് അക്തർ, അലൻ ഡൊണാൾഡ്, ബ്രെറ്റ് ലീ തുടങ്ങിയവർക്കെതിരേയെല്ലാം അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്.
താൻ നേരിട്ടവരിൽ ഏറ്റവും കടുപ്പമേറിയ ബൗളർ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിൻ. പാകിസ്താന്റ മുൻ ക്യാപ്റ്റനും ഇടംകൈയൻ ഇതിഹാസവുമായ വസീം അക്രമാണ് തനിക്ക് ഏറ്റവുമധികം വെല്ലുവിളിയുയർത്തിയ ബൗളറെന്നാണ് സച്ചിൻ പറഞ്ഞത്.
അക്രമിന്റെ ആത്മകഥയായ സുൽത്താൻ: എ മെമോയർ എന്ന പുസ്തകത്തിലാണ് അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് സച്ചിൻ കുറിച്ചത്.
ആദ്യമായി അക്രമിനെ നേരിട്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ചും തന്റെ ഗെയിം കൂടുതൽ ഉയർത്താൻ കഴിഞ്ഞതിന് പിന്നിൽ അക്തർക്കും പങ്കുണ്ടെന്ന് സച്ചിൻ പുസ്തകത്തിൽ പറയുകയായിരുന്നു.
ബോളുകളെക്കൊണ്ട് അദ്ദേഹം സംസാരിപ്പിക്കുകയാണ് കളിക്കളത്തിൽ ചെയ്തിരുന്നതെന്ന് സച്ചിൻ ആത്മകഥയിൽ കുറിച്ചു.
200 ടെസ്റ്റുകളിലും, 463 ഏകദിന മത്സരങ്ങളിലും ഇന്ത്യൻ ജേഴ്‌സിയിൽ കളിച്ച സച്ചിൻ 34,000ത്തിലധികം റൺസ് കരിയറിൽ സ്‌കോർ ചെയ്തിട്ടുണ്ട്. 16ാം വയസിൽ തുടങ്ങിയ കരിയർ അവസാനിപ്പിക്കുമ്പോൾ ഒരു പിടി റെക്കോർഡുകൾ അദ്ദേഹം കൈപ്പിടിയിലാക്കിയിരുന്നു.
ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയടിച്ച ആദ്യത്തെ താരമെന്ന ലോക റെക്കോർഡിന് ഉടമയായ സച്ചിൻ ഏകദിനത്തിൽ മാത്രം 49 സെഞ്ച്വറികളും 96 ഫിഫ്റ്റികളുമടിച്ചിട്ടുണ്ട്. 18,463 റൺസാണ് ഏകദിനത്തിൽ സച്ചിന്റെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ച്വറികളും 68 ഫിഫ്റ്റികളുമടക്കം 15,921 റൺസ് സച്ചിൻ നേടിയിട്ടുണ്ട്.