| Thursday, 22nd December 2022, 1:48 pm

സീനിയേഴ്‌സ് ഉണ്ടായിട്ടും എന്തിന് ധോണിയെ നായകനാക്കി; വെളിപ്പെടുത്തലുമായി സച്ചിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാലാണ് എം.എസ് ധോണി. ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായുമെല്ലാം ഗംഭീര പ്രകടനമാണ് ധോണി കരിയറില്‍ കാഴ്ചവെച്ചിരുന്നത്. അത്ര എളുപ്പത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ധോണി സ്വന്തമാക്കിയതും.

പല സീനിയേഴ്സിനെയും മറികടന്നാണ് 26ാം വയസില്‍ ധോണിയിലേക്ക് നായകസ്ഥാനമെത്തുന്നത്. ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങി പല സീനിയേഴ്സുമുണ്ടായിരുന്നെങ്കിലും ഇവരെയെല്ലാം മറികടന്ന് ധോണി ഇന്ത്യയുടെ നായകനാവുകയായിരുന്നു. ധോണിയെ ക്യാപ്റ്റനായി നിര്‍ദേശിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.

എന്തുകൊണ്ടാണ് താന്‍ ധോണിയെ ക്യാപ്റ്റനായി നിര്‍ദ്ദേശിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സച്ചിന്‍. മത്സരം കഴിയുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് എങ്ങനെയാണെന്നതിലാണ് കാര്യമെന്നും അതിന് വേണ്ട കഴിവുകള്‍ ധോണിയില്‍ ഉണ്ടെന്ന് മനസിലാക്കിയതിനാലാണ് അദ്ദേഹത്തെ നായകനാക്കിയതെന്നുമാണ് സച്ചിന്‍ പറഞ്ഞത്.

‘ഞങ്ങളുടെ ടീമില്‍ നല്ലൊരു നായകനുണ്ട്. പക്ഷെ ജൂനിയര്‍ താരമാണ്. ഞാന്‍ അവനുമായി ഒരുപാട് സംസാരിച്ചു. ഫസ്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ അവനുമായി ഒരുപാട് സംസാരിക്കാന്‍ അവസരം ലഭിച്ചു. രാഹുല്‍ ദ്രാവിഡാണ് ക്യാപ്റ്റനെങ്കിലും എന്റെ ചോദ്യത്തോടുള്ള അവന്റെ ഉത്തരം വളരെ പക്വതയോടെയുള്ളതും ശാന്തമായതുമായിരുന്നു. അന്ന് അവന്റെ നായക മികവ് ഞാന്‍ തിരിച്ചറിഞ്ഞു.

നല്ല നായകന്‍ എതിരാളികളുടെ ചിന്തക്ക് മുകളില്‍ നില്‍ക്കുന്നവനായിരിക്കണം. അങ്ങനെയൊരാള്‍ ടീമിലുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. അത് പെട്ടെന്ന് സംഭവിക്കുന്ന കാര്യമല്ല. ആദ്യം എറിയുന്ന 10 പന്തില്‍ 10 വിക്കറ്റ് നേടുകയെന്നത് യാദൃശ്ചികമായി സംഭവിക്കുന്ന കാര്യമാണ്. മികച്ച പദ്ധതികളോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്.

മത്സരം കഴിയുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് എങ്ങനെയാണെന്നതിലാണ് കാര്യം. ഈ കഴിവുകളെല്ലാം ധോണിക്കുണ്ടെന്ന് എനിക്ക് മനസിലായി. അതുകൊണ്ടാണ് ധോണിയെ നായകനായി നിര്‍ദേശിച്ചത്,’ സച്ചിന്‍ വ്യക്തമാക്കി.

അതേസമയം, 2007ലെ ടി-20 ലോകകപ്പാണ് ധോണിയുടെ കരിയറില്‍ വഴിത്തിരിവായത്. ഇന്ത്യയുടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനിന്നതോടെ ധോണിയിലേക്ക് നായകസ്ഥാനം എത്തുകയായിരുന്നു. സെവാഗ്, യുവരാജ്, ഗംഭീര്‍ എന്നിവരൊക്കെ ഉണ്ടായിരുന്നിട്ടും ക്യാപ്റ്റന്‍സി ധോണിയിലേക്കെത്തി.

ടി-20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് കരുതിയിരുന്നതായി യുവരാജ് സിങ് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം മറികടന്നാണ് ധോണി ഇന്ത്യയുടെ നായകനായത്. ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

എന്തായാലും സച്ചിന്റെ ഈ തീരുമാനം ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെയാണ് സമ്മാനിച്ചത്. ഏത് സാഹചര്യത്തേയും ശാന്തതയോടെ കൈകാര്യം ചെയ്യുന്ന ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളായാണ് ധോണി കരിയര്‍ അവസാനിപ്പിച്ചത്.

Content Highlights: Sachin Tendulkar about the captaincy of MS Dhoni

We use cookies to give you the best possible experience. Learn more