ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ക്രിക്കറ്റ് കരിയറില്‍ എണ്ണമറ്റ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം കളിക്കളത്തിനകത്തും പുറത്തും മാന്യതയുടെ പ്രതിരൂപം കൂടിയായിരുന്നു.
വിവാദങ്ങള്‍ക്ക് ഇടമില്ലാതിരുന്ന ഒരു കരിയറായിരുന്നു സച്ചിന്റേത്. ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സമയത്ത് തന്റെ കരിയറില്‍ വിവാദമുണ്ടായേക്കാമെന്ന് കരുതി ചില സംഭവങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ച് പറയുകയാണ് ടെന്‍ഡുല്‍ക്കര്‍.
ഗൗരവ് കപൂറിനൊപ്പം നടത്തിയ ചാറ്റ് ഷോക്കിടെയായിരുന്നു സച്ചിന്‍ ഇക്കാര്യം ഓര്‍ത്തെടുത്തത്.
ക്രിക്കറ്റ് എന്ന ഗെയിമനെ അപമാനിക്കുന്നതിന് തുല്യമാകുമെന്ന് കരുതി ഒരു പരസ്യത്തില്‍ അഭിനയിക്കാതിരുന്നതിനെ കുറിച്ചാണ് താരം പറയുന്നത്.
1998ലെ ദി ഡെസേര്‍ട്ട് സ്‌റ്റോം ഓഫ് ഷാര്‍ജ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്നിങ്‌സിന് ശേഷം കൊതുകിനെ കൊല്ലുന്ന ബാറ്റ് നിര്‍മിക്കുന്ന ഒരു കമ്പനി പരസ്യത്തിനായി തന്നെ സമീപിച്ചെന്നും എന്നാല്‍ സ്‌ക്രിപ്റ്റിലെ പ്രശ്‌നങ്ങള്‍ കാരണം ആ പരസ്യം ചെയ്യാതിരിക്കുകയായിരുന്നു എന്നും സച്ചിന്‍ പറയുന്നു.
കൊതുകിനെ കൊല്ലുന്ന ബാറ്റ് ഉപയോഗിച്ച് ക്രിക്കറ്റ് ബോളുകള്‍ അടിച്ചുപറത്തുന്നതായിരുന്നു സ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. എന്നാല്‍ അത് ചെയ്യാന്‍ തനിക്ക് സാധിക്കില്ലെന്നും സ്‌ക്രിപ്റ്റ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും സച്ചിന്‍ പറയുന്നു.
‘അവര്‍ ഒരു ഫ്‌ളൈ സ്വാറ്റര്‍ എനിക്ക് തന്ന് അതുപയോഗിച്ച് ക്രിക്കറ്റ് ബോളുകള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് ഞാന്‍ നിരസിച്ചു. ഞാന്‍ അവരോട് പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് മാറ്റാനായി ആവശ്യപ്പെട്ടു. കാരണം ഞാന്‍ ആരാധിക്കുന്ന സ്‌പോര്‍ട്‌സിനോട് ചെയ്യുന്ന അനാദരവായിരിക്കും അത് എന്ന് എനിക്ക് തോന്നി.
സ്‌ക്രിപ്റ്റ് മാറ്റിയില്ലെങ്കില്‍ ആ പരസ്യം ഞാന്‍ ചെയ്യില്ല എന്ന് അവരോട് പറഞ്ഞു. ഞാന്‍ ആ സ്‌ക്രിപ്റ്റില്‍ പരസ്യം ചെയ്യുകയാണെങ്കില്‍ എനിക്കെന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാനോ കോച്ചിന്റെ മുഖത്ത് നോക്കാനോ സാധിക്കുമായിരുന്നില്ല.