| Monday, 24th February 2020, 11:41 am

ആന്‍ഡ് ഇറ്റ് ഈസ് ദി സൂപ്പര്‍മാന്‍ ഫ്രം ഇന്ത്യ..; സച്ചിന്റെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറിയ്ക്ക് 10 വയസ്‌

ജിതിന്‍ ടി പി

2010 ഫെബ്രുവരി 24. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനമത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിലെ 49.4-ാമത്തെ പന്ത്. ഗ്വാളിയാര്‍ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. പന്തെറിയാന്‍ വരുന്നത് ചാള്‍ ലാംഗ്‌വെല്‍റ്റ്. സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ബാറ്റുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍…

തന്നെ കബളിപ്പിക്കാന്‍ ലാംഗ് വെല്‍റ്റ് വൈഡ് ഓഫ് സ്റ്റമ്പില്‍ എറിഞ്ഞ ഓവര്‍ പിച്ച് ഡെലിവറി പോയിന്റിലേക്ക് സ്റ്റീര്‍ ചെയ്ത് സച്ചിന്‍ അമൂല്യമായ ഒരു റണ്‍സിനായി ഓടി… നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കെത്തി ഒന്നു തിരിഞ്ഞുനോക്കി പതിവുപോലെ ഹെല്‍മറ്റും ബാറ്റും ആകാശത്തേക്കുയര്‍ത്തി. ആര്‍ത്തിരമ്പുന്ന ഗാലറിയേയും ഭേദിച്ച് അപ്പോള്‍ കമന്ററി ബോക്‌സിലിരുന്ന് രവി ശാസ്ത്രി വിളിച്ചുപറഞ്ഞു…first man on the planet to score a double century in ODIs and it is the Superman from India….

ഏകദിന ക്രിക്കറ്റില്‍ 200 എന്ന മാന്ത്രിക സംഖ്യ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്റ് ലോകം എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍ മറികടന്നിട്ട് ഇന്നേക്ക് 10 വര്‍ഷം. ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിക്കിപ്പുറം ഇന്നുവരെ സച്ചിനെ കൂടാതെ അഞ്ച് പേരാണ് ഈ മാന്ത്രിക സംഖ്യ മറികടന്നിട്ടുള്ളത്.

മൂന്ന് തവണ രോഹിത് ശര്‍മ്മ ഏകദിനത്തില്‍ 200 കടന്നെങ്കിലും സച്ചിന്റെ നേട്ടം ഇപ്പോഴും മികച്ച് നില്‍ക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ 4 റണ്‍സിന് ജയിച്ച ശേഷം രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണിംഗിനായി സച്ചിനും സെവാഗും ക്രീസിലേക്ക്. പതിവിലും വിപരീതമായി തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനായിരുന്നു സച്ചിന്റെ പദ്ധതി. സ്റ്റെയിനും പാര്‍ണലും തന്ത്രമൊരുക്കി. സെവാഗ് വീണു. ഇന്ത്യന്‍ ടോട്ടല്‍ 25 റണ്‍സ് മാത്രം.

ഫസ്റ്റ് ഡൗണായി ദിനേഷ് കാര്‍ത്തിക്കെത്തി. സെവാഗ് വീണതോടെ മുഴുവന്‍ ഭാരവും സച്ചിന്‍ ഏറ്റെടുത്തു. മറുവശത്ത് കാര്‍ത്തിക് ഉറച്ചുനിന്നു. 37 പന്തില്‍ സച്ചിന്‍ അര്‍ധസെഞ്ച്വറി കടന്നു. മിഡ് വിക്കറ്റിലും കവറിലും ബൗണ്ടറി പറന്നു.

കൂട്ടുകെട്ട് പൊളിക്കാന്‍ പോര്‍ട്ടീസ് ക്യാപ്റ്റന്‍ ജാക് കാലിസ് സ്പിന്നര്‍മാരെ ഇറക്കി. പാര്‍ട്ട് ടൈം ബൗളറായ ജീന്‍ പോള്‍ ഡുമിനിയെ സ്‌ക്വയര്‍കട്ട് ചെയ്ത് സച്ചിന്റെ സെഞ്ച്വറി. ആദ്യ ഫിഫ്റ്റി 37 പന്തില്‍ നേടിയ സച്ചിന് രണ്ടാം ഫിഫ്റ്റിയ്ക്കായി വേണ്ടി വന്നത് 53 പന്ത്.

എന്നാല്‍ സെഞ്ച്വറി പിന്നിട്ടതോടെ സച്ചിന്‍ ശൈലി മാറ്റി. അടുത്ത അര്‍ധസെഞ്ച്വറി നേടുന്നത് വെറും 28 പന്തില്‍. പേരുകെട്ട ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയെ തച്ചുടച്ച് സച്ചിന്‍ ഒരുവശത്ത് നിലയുറപ്പിച്ചു.

ഇതിനിടെ 79 റണ്‍സ് നേടിയ കാര്‍ത്തിക് പുറത്തായി. പിന്നാലെയെത്തിയ യൂസഫ് പത്താനും സച്ചിന് പിന്തുണ നല്‍കി. 36 റണ്‍സില്‍ പത്താന്‍ വീഴുമ്പോഴും സച്ചിന് ഒരുവശത്ത് അക്ഷോഭ്യനായിരുന്നു.

ധോണി ക്രീസിലെത്തി. സച്ചിന് സ്‌ട്രൈക്ക് ലഭിക്കുന്നത് വൈകി. സിക്‌സുകളും ഫോറുകളുമായി ധോണി സ്‌കോറിംഗ് വേഗത്തിലാക്കിയപ്പോള്‍ സച്ചിന് സ്‌ട്രൈക്ക് കൊടുക്കാനായി ഗാലറിയില്‍ മുറവിളി ഉയര്‍ന്നു.

അവസാന ഓവറില്‍ സച്ചിന്‍ വീണ്ടും സ്‌ട്രൈക്കിംഗ് എന്‍ഡില്‍. ചരിത്രമായിരുന്നു പിന്നീട് പിറന്നത്. ഏകദിനത്തില്‍ പുരുഷതാരം നേടുന്ന ആദ്യ ഇരട്ട സെഞ്ച്വറി. ഗ്വാളിയോറിനും മുന്‍പേ പലതവണ സച്ചിന്‍ 200 ലേക്കെത്തിയിരുന്നു. 2009 ല്‍ ന്യൂസിലാന്റില്‍ 168 റണ്‍സുമായി കളിക്കിടെ പരിക്കേറ്റ് സച്ചിന്‍ മടങ്ങിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഒരുവര്‍ഷം മുന്‍പേ ഈ നേട്ടം കൈവരിക്കുമായിരുന്നു.

അതേവര്‍ഷം തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ നേടിയത് 175 റണ്‍സ്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സച്ചിന് പിഴച്ചില്ല. തന്റെ പ്രായത്തെ ചോദ്യംചെയ്തവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു സച്ചിന്റെ ആ മത്സരം.

50 ഓവര്‍ മുഴുവനായി ബാറ്റ് ചെയ്ത ആ 35 കാരന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഫീല്‍ഡ് ചെയ്യാനിറങ്ങി വിമര്‍ശകരുടെ വായടപ്പിക്കുകയായിരുന്നു.

WATCH THIS VIDEO:

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more