സച്ചിൻ വീണ്ടും ബാറ്റെടുത്തു; 50ാം വയസിലും എന്താ പവർ
Cricket
സച്ചിൻ വീണ്ടും ബാറ്റെടുത്തു; 50ാം വയസിലും എന്താ പവർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th January 2024, 5:15 pm

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തി. 2024 വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പിലാണ് സച്ചിന്‍ വീണ്ടും ക്രിക്കറ്റ് ജേഴ്‌സി അണിഞ്ഞത്. വണ്‍ വേള്‍ഡും വണ്‍ ഫാമിലിയും തമ്മിലുള്ള മത്സരത്തിലാണ് ഇതിഹാസം കളത്തില്‍ ഇറങ്ങിയത്.

ശ്രീ മധുസൂദന്‍ സായ് ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ മിഷന്‍ സംഘടിപ്പിക്കുന്ന മത്സരമായിരുന്നു ഇത്. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഒരു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

വണ്‍ വേള്‍ഡിനായി ബാറ്റിങ്ങിലും ബൗളിങ്ങിലും തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ സച്ചിന് സാധിച്ചിരുന്നു. ഓപ്പണിങ്ങില്‍ 16 പന്തില്‍ 27 റണ്‍സാണ് സച്ചിന്‍ നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സും ആണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ബൗളിങ്ങില്‍ ഒരു വിക്കറ്റ് നേടാനും സച്ചിന് സാധിച്ചു. രണ്ട് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് സച്ചിന്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. 41 പന്തില്‍ 51 റണ്‍സ് നേടിയ ഡാരന്‍ മാഡിയുടെ വിക്കറ്റ് ആണ് സച്ചിന്‍ നേടിയത്.

ബെംഗളൂരുവിലെ സായി കൃഷ്ണന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വണ്‍ ഫാമിലി 20 ഓറില്‍ ആറ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. വണ്‍ ഫാമിലിയുടെ ബാറ്റിങ്ങില്‍ ഡാരന്‍ മാഡി 41 പന്തില്‍ 51 റണ്‍സും യൂസഫ് പത്താന്‍ 24 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. വണ്‍ വേള്‍ഡ് ബൗളിങ് നിരയില്‍ ആര്‍.പി സിങ് രണ്ട് വിക്കറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വണ്‍ വേള്‍ഡ് 19.5 ഓവറില്‍ നാലു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. വണ്‍ വേള്‍ഡ് ബാറ്റിങ്ങില്‍ അല്‍വിരോ പീറ്റേഴ്‌സണ്‍ 50 പന്തില്‍ 74 നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സച്ചിനും കൂട്ടരും നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Sachin Tenduker back to play in cricket.