| Sunday, 16th September 2018, 9:05 am

ബ്ലാസ്റ്റേഴ്‌സിനെ സച്ചിന്‍ ലുലു ഗ്രൂപ്പിന് വിറ്റെന്ന് റിപ്പോര്‍ട്ട്; ഞെട്ടലോടെ ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ബ്ലാസ്റ്റേഴ്‌സിന്റെ 80% ഓഹരികള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ.എസ്.എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കേ കേരള ബ്ലാസ്റ്റേഴ്‌സും സച്ചിനും വഴി പിരിഞ്ഞിരിക്കുകയാണെന്നും ടീമിന്റെ ഉടമസ്ഥാവകാശം മലയാളി വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഈ വാര്‍ത്ത ലുലുഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച വ്യാപക പ്രചരണമാണ് നടക്കുന്നത്. സച്ചിന്റെ സാന്നിധ്യം നഷ്ടമായെങ്കിലും ടീമിന് ഏറെ ഗുണകരമാകുന്ന മാറ്റമാണ് ഇതെന്നും മലയാളി ആയ ഒരു വ്യവസായി ടീം ഏറ്റെടുക്കുമ്പോള്‍ അതിന്റെ ഫലവും ഉത്തരവാദിത്വവും മാനേജ്‌മെന്റിന് ഉണ്ടാവുമെന്നുമാണ് ആരാധകരുടെ പക്ഷം.


Read Also : ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ബ്ലംഗ്ലാദേശിന് ആദ്യ ജയം


2014ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്.

2015ല്‍ പോട്ടലുരിയുടെ പി.വി.പി വെന്‍ച്വേഴ്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്‌സിന്റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.

സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പി.വി.പി ഗ്രൂപ്പ് സി.ഇ.ഒ പ്രകാശ് പോട്ളൂരിക്കെതിരെ സെബി 30 കോടി പിഴ ചുമത്തിയതോടെയാണ് ബ്ലാസ്റ്റേഴ്‌സിനെ വില്‍ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സീസണില്‍ സച്ചിന്‍ മാത്രമാണ് ഉടമയായി രംഗത്തുണ്ടായിരുന്നത്.

ഇതിന് ശേഷം ടീമിന്റെ സഹഉടമകളായി തെലുങ്കു നടന്മാരായ ചിരഞ്ജീവിയും നാഗാര്‍ജുനയും എത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും പി.വി.പി. ഗ്രൂപ്പിന്റെയും സംയുക്ത ഉടമസ്ഥാവകാശത്തിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ടു സീസണുകളില്‍ കളിച്ചത്.

പി.വി.പി. ഗ്രൂപ്പ് തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതോടെ സച്ചിന്‍ ഇടപെട്ടാണ് ദക്ഷിന്ത്യേയിലെ രണ്ടു മിന്നുംതാരങ്ങളെ ക്ലബിന്റെ അമരത്തേക്ക് എത്തിച്ചത്.

We use cookies to give you the best possible experience. Learn more