എന്തിന് അന്ന് ധോണിയോട് നേരത്തെ ബാറ്റിംഗിനിറങ്ങാന്‍ പറഞ്ഞു?; 2011 ലോകകപ്പ് ഫൈനലില്‍ ധോണിയെ നേരത്തെ ബാറ്റിംഗിനയച്ച രഹസ്യം വെളിപ്പെടുത്തി സച്ചിന്‍
2011 world cup
എന്തിന് അന്ന് ധോണിയോട് നേരത്തെ ബാറ്റിംഗിനിറങ്ങാന്‍ പറഞ്ഞു?; 2011 ലോകകപ്പ് ഫൈനലില്‍ ധോണിയെ നേരത്തെ ബാറ്റിംഗിനയച്ച രഹസ്യം വെളിപ്പെടുത്തി സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th April 2020, 2:21 pm

മുംബൈ: 2011 ലോകകപ്പ് ഫൈനലില്‍ ധോണിയെ നേരത്തെ ബാറ്റിംഗിനിറക്കിയതിന് പിന്നില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് സച്ചിന്‍ അങ്ങനെ ഒരു നിര്‍ദേശം വെച്ചതെന്ന് ഇതുവരെ അദ്ദേഹം പറഞ്ഞിരുന്നില്ല.

എന്നാല്‍ തന്റെ നിര്‍ദേശത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സച്ചിന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സച്ചിന്റെ വെളിപ്പെടുത്തല്‍.

‘ ഗംഭീറും വിരാടും നന്നായി ഇന്നിംഗ്‌സ് കൊണ്ടുപോകുന്ന സമയമായിരുന്നു അത്. എതിരാളികള്‍ക്ക് മുന്നില്‍ നേടിയ ആധിപത്യം തുടരണമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ വീരുവിനോട് (സെവാഗ്) പറഞ്ഞു, ഇപ്പോള്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് പുറത്താകുന്നെങ്കില്‍ (ഗൗതം ഗംഭീര്‍) അടുത്തതായി ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ തന്നെ പോകണം. ഇനി വലംകൈയന്‍ ബാറ്റ്‌സ്മാനാണെങ്കില്‍ (വിരാട് കോഹ്‌ലി), വലംകൈയന്‍ ബാറ്റ്‌സ്മാന്‍ (ധോണി) പോകണം.’, സച്ചിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യുവരാജ് നല്ല ഫോമിലായിരുന്നെങ്കിലും ശ്രീലങ്കയ്ക്ക് രണ്ട് ഓഫ് സ്പിന്നര്‍മാര്‍ ഉണ്ടെന്നിരിക്കെ ഈ തന്ത്രമായിരിക്കും നല്ലതെന്ന് തനിക്ക് തോന്നിയെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഗംഭീര്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ധോണിയെപ്പോലെ സ്‌ട്രൈക്ക് കൈമാറുന്ന ആള്‍ ഉണ്ടാവുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെയാണ് ഇത് ഞാന്‍ വീരുവിനോട് പറഞ്ഞത്. പിന്നീട് ധോണിയോടും പറഞ്ഞു.

ധോണി കോച്ചിനോട് (ഗാരി കേഴ്‌സ്റ്റണ്‍) ഇക്കാര്യം സൂചിപ്പിച്ചു. ഡ്രെസിംഗ് റൂമിന് പുറത്തായിരുന്ന ഗാരി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. ഞങ്ങള്‍ നാല് പേരും (സച്ചിന്‍, ധോണി, സെവാഗ്, കേഴ്‌സ്റ്റണ്‍) ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്തു. ഗാരിയും എന്റെ നിര്‍ദേശത്തെ പിന്തുണച്ചു. ധോണിയ്ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല- സച്ചിന്‍ പറഞ്ഞു.

നേരത്തെ സച്ചിനാണ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദേശിച്ചതെന്ന് സെവാഗ് വെളിപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കലാശപ്പോര് വരെ ബാറ്റിംഗില്‍ ധോണിയില്‍ നിന്ന് മികച്ച പ്രകടനമുണ്ടായിരുന്നില്ല. രണ്ട് സെഞ്ച്വറികളോടെ ഇന്ത്യയ്ക്കായി കൂടുതല്‍ റണ്‍സ് നേടിയ സച്ചിനും മികച്ച ഔള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ചിരുന്ന യുവിയുമായിരുന്നു 2011 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ നയിച്ചിരുന്നത്.

എന്നാല്‍ ഫൈനലില്‍ ധോണിയുടെയും ഗംഭീറിന്റേയും പ്രകടനമായിരുന്നു നിര്‍ണായകമായത്.

ഗംഭീറുമൊത്ത് 109 റണ്‍സാണ് ഫൈനലില്‍ ധോണി നേടിയത്. ജയം നേടുമ്പോള്‍ യുവരാജുമായി അപരാജിതമായ 54 റണ്‍സ് കൂട്ടുകെട്ടുമുണ്ടാക്കിയിരുന്നു.

WATCH THIS VIDEO: