| Thursday, 9th November 2023, 1:52 pm

'തെരഞ്ഞെടുപ്പിനായി മതവികാരങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കില്ല'; സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാറിനെ ആര് നയിക്കണമെന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും കോണ്‍ഗ്രസ് ഹൈക്കമാന്റും തീരുമാനിക്കുമെന്ന്  കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ട്ടി നേതാവ് രാഹുല്‍ഗാന്ധിയും തന്നോട് ക്ഷമിക്കാനും മറക്കാനും മുന്നോട്ടുപോകാനും ആവശ്യപ്പെട്ടതായും ബി.ജെ.പി വൈകാരിക വിഷയങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പൈലറ്റ് പറഞ്ഞതായി എന്‍. ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘2018 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചു. ഈ തെരഞ്ഞെടുപ്പും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അഞ്ചുവര്‍ഷക്കാലയളവിലെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണ്. ഞങ്ങള്‍ ഇവിടെ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലയിലും വ്യക്തമാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖല വികസിച്ചു.

പുതിയ റോഡുകളും സ്‌കൂളുകളും പണിതു. വിദ്യാഭ്യാസമേഖലയില്‍ നേട്ടം ഉണ്ടായി. ഇത്തവണ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ചരിത്രം കുറിക്കും. രണ്ടാം തവണയും ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ തെരഞ്ഞെടുക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്.

കൊറോണയുടെ സമയത്തെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ കണ്ടതാണ്. തീര്‍ച്ചയായും കൂടുതല്‍ ഭൂരിപക്ഷത്തോടെ കൂടി കോണ്‍ഗ്രസ് പാര്‍ട്ടി ജയിക്കും. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് സംസാരിക്കാതെ മതത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരിക്കലും വികസനത്തിന് കാരണമാകില്ല.

രാജ്യത്തെ വിലക്കയറ്റത്തെ കുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും സംസാരിക്കാതെ മതത്തെക്കുറിച്ച് സംസാരിച്ചു ജനങ്ങളുടെ ശ്രദ്ധ മാറ്റി തിരിക്കുകയാണ് എന്നുള്ളത് എല്ലാവര്‍ക്കും മനസ്സിലായി തുടങ്ങി.ഞാന്‍ ജനങ്ങള്‍ക്കിടയില്‍ വികസനത്തിന്റെ ആശയങ്ങള്‍ മാത്രമാണ് മുന്നോട്ടുവെക്കുക. മതപരമായ ചേരിതിരിവുകളെ തെരഞ്ഞെടുപ്പിന് ആയുധമാക്കില്ല,’ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. നവംബര്‍ 25നാണ് രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്.

Content Highlight: Sachin Pilot statement on Rajasthan election

We use cookies to give you the best possible experience. Learn more