ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് വിമത നേതാവ് സച്ചിന്‍ പൈലറ്റ്. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുന്നതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ അവയൊന്നും തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും പൈലറ്റ് പറഞ്ഞു.
‘അടിസ്ഥാനരഹിതവും ഉപദ്രവകരവുമായ ഇത്തരം ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിക്കപ്പെടുന്നതില്‍ വിഷമമുണ്ട്. പക്ഷേ അവയിലൊന്നും ഞാന്‍ അത്ഭുതപ്പെടുന്നില്ല. കോണ്‍ഗ്രസ് അംഗവും എം.എല്‍.എയും എന്ന നിലയില്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഞാന്‍ ഉന്നയിച്ച ന്യായമായ ആശങ്കകള്‍ തടയാനാണ് ഇത്തരം ആരോപണങ്ങളിലൂടെ ശ്രമിക്കുന്നത്. ഈ ശ്രമം എന്നെ അപകീര്‍ത്തിപ്പെടുത്തുകയും എന്റെ വിശ്വാസ്യതയെ കടന്നാക്രമിക്കുകയും ചെയ്യുന്നതാണ്’, പൈലറ്റ് പുറത്തിറക്കിയ പ്രസ്താവയില്‍ പറഞ്ഞു.
തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിങ് മിലിംഗയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പുതിയ ആരോപണങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ പ്രധാന പ്രശ്‌നങ്ങളില്‍നിന്നും വഴിമാറ്റുകയാണ്. എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച എം.എല്‍.എക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. എന്റെ പ്രച്ഛായ തകര്‍ക്കാന്‍ ഉന്നംവെച്ച് ഇത്തരം ആരോപണങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, ഞാന്‍ അചഞ്ചലനായി എന്റെ വിശ്വാസങ്ങളിലും ബോധ്യങ്ങളിലും ഉറച്ചുനില്‍ക്കും’, പൈലറ്റ് വ്യക്തമാക്കി.
ബി.ജെ.പിയിലേക്ക് കൂറുമാറിയാല്‍ തനിക്ക് 35 കോടി രൂപ തരാമെന്ന വാഗ്ദാനം പൈലറ്റ് നടത്തിയെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിങ് മലിംഗ പറഞ്ഞത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഗെലോട്ടിനെതിരെ തിരിഞ്ഞാല്‍ എനിക്ക് 35 കോടി രൂപ തരാമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അദ്ദേഹത്തിന്റെ വസതിയില്‍വെച്ചായിരുന്നു ഇത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് എന്നോട് കൂറുമാറാന്‍ ആവശ്യപ്പെട്ടത്. ഡിസംബറിലും സമാനമായ വാഗ്ദാനമുണ്ടായിരുന്നു. ഞാനത് നിഷേധിക്കുകയും ഇക്കാര്യം ഗെലോട്ടിനെ അറിയിക്കുകയും ചെയ്തു’, മലിംഗ പറഞ്ഞു.
സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശമനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ആറ് മാസമായി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ സച്ചിന്‍ പൈലറ്റ് നടത്തുന്നുണ്ടെന്നായിരുന്നു ഗെലോട്ട് ആരോപിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൈലറ്റ് ചില ശ്രമങ്ങളുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും ഗെലോട്ട് പറഞ്ഞു.
നിഷ്‌ക്കളങ്കമായ മുഖം വെച്ച് അദ്ദേഹം ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ എനിക്കതറിയാം. ഞാന്‍ ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല, ഞാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയാണ് എന്നായിരുന്നു അശോക് ഗെലോട്ട് എ.എന്‍.ഐയോട് പ്രതികരിച്ചത്.
നേരത്തെ സച്ചിന്‍ പൈലറ്റിനെതിരായ വിമര്‍ശനങ്ങളില്‍ നിന്നും നേതാക്കള്‍ പിന്നാക്കം പോയിരുന്നു. തുടക്കത്തില്‍ സച്ചിന്‍ പൈലറ്റിനെ എതിര്‍ത്തു സംസാരിച്ച ഗെലോട്ട് അടക്കം പിന്നീട് നയപരമായ രീതിയില്‍ കാര്യങ്ങളെ സമീപിക്കുന്നതായിരുന്നു കണ്ടത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ