ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിങ് മലിംഗയ്ക്ക് എതിരെ നിയമനടപടിയുമായി സച്ചിന്‍ പൈലറ്റ്. ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ മലിംഗയ്ക്ക് 35 കോടി വാഗ്ദാനം ചെയ്‌തെന്ന മലിംഗയുടെ ആരോപണത്തിനെതിരെയാണ് സച്ചിന്‍ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
മലിംഗ മാധ്യമങ്ങള്‍ക്ക് നല്‍കിയ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന വിവരം സച്ചിന്‍ പൈലറ്റുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ സച്ചിന്‍ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി മലിംഗ രംഗത്തെത്തിയിരുന്നു.
ബി.ജെ.പിയിലേക്ക് കൂറുമാറിയാല്‍ തനിക്ക് 35 കോടി രൂപ തരാമെന്ന വാഗ്ദാനം പൈലറ്റ് നടത്തിയെന്നാണ് ഗിരിരാജ് സിങ് മലിംഗ പറഞ്ഞത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും കൂടെയുള്ള എം.എല്‍.എമാര്‍ക്കുമെതിരെ വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിയമസഭ സ്പീക്കര്‍ സി.പി ജോഷിക്കാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ അനുവദനീയമാണെന്നും അതിനെ മൂല്യമില്ലാത്ത കൂറുമാറലായി പരിഗണിക്കരുതെന്നും പൈലറ്റിനും 18 വിമത എംഎല്‍.എ.മാര്‍ക്കും വേണ്ടി ഹാജരായ അഡ്വ. ഹരീഷ് സാല്‍വേ കോടതിയില്‍ പറഞ്ഞിരുന്നു.
നേരത്തെ കൂറുമാറ്റ നിയമപ്രകാരം നടപടി എടുക്കാതിരിക്കാന്‍ സ്പീക്കര്‍ സച്ചിനും 18 വിമത എം.എല്‍.എമാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സച്ചിനും എം.എല്‍.എമാരും കോടതിയെ സമീപിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക