ജയ്പൂര്‍: രാജസ്ഥാന് കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പരാമര്‍ശത്തില്‍ അസ്വസ്ഥനായെന്നറിയിച്ച് സച്ചിന് പൈലറ്റ്. താന്‍ കോണ്‍ഗ്രസിനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഗെലോട്ടിന്റെ പരാമര്‍ശത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. സുപ്രീം കോടതി വിധിക്ക് ശേഷം ഞാന്‍ സംസാരിക്കാം. പാര്‍ട്ടിക്കെതിരെ ഞാനിതുവരെ ഒന്നും പറഞ്ഞിട്ടില്ല,’ സച്ചിന് പൈലറ്റ് പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞയാഴ്ച സച്ചിന് പൈലറ്റിനെ ”ഒന്നിനും കൊള്ളാത്തവന്‍’എന്ന് വിളിച്ചിരുന്നു. പൈലറ്റിന്റെ പേര് പറയാതെ എന്റെ യുവ സഹപ്രവര്ത്തകന് എന്ന് പറഞ്ഞായിരുന്നു ഗെലോട്ടിന്റെ പരാമര്‍ശം.
എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സച്ചിന് പൈലറ്റിന്റെ അത്യാഗ്രഹമാണെന്നും പൈലറ്റ് തിരിച്ചുവന്നാല്‍ സ്വീകരിക്കാമെന്നും ഗെലോട്ട് ഇന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സച്ചിന് പൈലറ്റിനെതിരെ നേരത്തേയും ഗെലോട്ട് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തന്റെ പാര്‍ട്ടി അധികാരത്തിലുള്ള സര്‍ക്കാരിനെതിരെ അട്ടിമറി ശ്രമം നടത്തുന്നതെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. ഇന്നുവരെ അങ്ങനെയൊന്ന് താന്‍ കേട്ടിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആറ് മാസമായി ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ സച്ചിന് പൈലറ്റ് നടത്തുന്നുണ്ടെന്നായിരുന്നു ഗെലോട്ട് ആരോപിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൈലറ്റിന് ചില ശ്രമങ്ങളുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും ഗെലോട്ട് പറഞ്ഞു.
നിഷ്ക്കളങ്കമായ മുഖം വെച്ച് അദ്ദേഹം ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ എനിക്കതറിയാം. ഞാന്‍ ഇവിടെ പച്ചക്കറി വില്ക്കാന് വന്നതല്ല, ഞാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയാണ് എന്നായിരുന്നു അശോക് ഗെലോട്ട് എ.എന്‍.ഐയോട് പ്രതികരിച്ചത്.
ഈ ആരോപണങ്ങളെ തള്ളി സച്ചിന് പൈലറ്റും അന്ന് രംഗത്തെത്തയിരുന്നു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുന്നതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ അവയൊന്നും തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും പൈലറ്റ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക