ന്യൂദല്‍ഹി: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം നല്‍കാനുള്ള തീരുമാനം എടുക്കാത്തപക്ഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ രാഹുല്‍ ഗാന്ധിയുമോ ചര്‍ച്ചയ്ക്കില്ലെന്ന് സച്ചിന്‍ പൈലറ്റ് നിലപാടെടുത്തതായി സൂചന. പ്രിയങ്കാ ഗാന്ധിയുമായുള്ള സംസാരത്തിലാണ് പൈലറ്റ് നിലപാട് ആവര്‍ത്തിച്ചതെന്ന് പ്രിയങ്കയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചൊവ്വാഴ്ച പൈലറ്റുമായി പ്രിയങ്ക സംസാരിക്കുകയും പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സംഭാഷണത്തിലാണ് മുഖ്യമന്ത്രിസ്ഥാനം തനിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ലഭിക്കണമെന്ന ആവശ്യം പൈലറ്റ് മുന്നോട്ടുവെച്ചത്.
പൊതുജനങ്ങള്‍ അറിയത്തക്ക രീതിയില്‍ ആ പ്രഖ്യാപനം നടത്തണമെന്നും ആ ഉറപ്പ് ലഭിക്കാതെ സോണിയാ ഗാന്ധിയുമായോ രാഹുല്‍ ഗാന്ധിയുമായോ സംസാരത്തിന് താന്‍ ഇല്ലെന്നുമാണ് പൈലറ്റ് പ്രിയങ്കയെ അറിയിച്ചത് എന്നാണ് സൂചന.
പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നും സോണിയാ ഗാന്ധിയുമായും രാഹുലുമായും സംസാരിക്കാന്‍ പൈലറ്റ് തയ്യാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവരിലുമുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടുവെന്ന തരത്തിലാണ് പൈലറ്റ് സംസാരിച്ചത്. കോണ്‍ഗ്രസില്‍ നിന്നും ലഭിക്കുന്ന ഉറപ്പില്‍ തനിക്ക് അത്ര വിശ്വാസം പോരെന്ന് സച്ചിന്‍ പ്രിയങ്കയെ അറിയിച്ചിട്ടുണ്ട്.
ഒരേ സമയം തനിക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം തന്നെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്തുകയും അയോഗ്യനാക്കിയതായുള്ള നോട്ടീസ് തനിക്ക് അയക്കുകയും ചെയ്തു. അശോക് ഗെലോട്ട് തന്നെ ആക്രമിച്ചു സംസാരിച്ചു, എന്നായിരുന്നു പ്രിയങ്കയുമായുള്ള സംസാരത്തിനിടെ പൈലറ്റ് പറഞ്ഞത്.
പൈലറ്റ് പാര്‍ട്ടി വിട്ടതുമുതല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് ഗെലോട്ട് പറഞ്ഞിരുന്നു. നമ്പര്‍ തികയ്ക്കാന്‍ കഴിയാത്തതുകൊണ്ട് മാത്രമാണ് അതിന് സച്ചിന്‍ പൈലറ്റിന് സാധിക്കാത്തതെന്നും ഗെലോട്ട് ഒരുവേള പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ