ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് പത്ത് മാസം ബാക്കി നില്‍ക്കെ രാജസ്ഥാനില്‍ ഉടനീളം റാലികള്‍ നടത്താന്‍ ആലോചനയുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.
ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച്ച മുതല്‍ യുവാക്കളേയും കര്‍ഷകരേയും പങ്കെടുപ്പിച്ചുകൊണ്ട് പൊതുയോഗങ്ങള്‍ നടത്താനാണ് യുവ കോണ്‍ഗ്രസ് നേതാവിന്റെ നീക്കം.
രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്ര വിജയകരമായി നടക്കുംമ്പോഴും പരിഹരിക്കപ്പെടാത്ത നേതൃ തര്‍ക്കത്തിന്‍മേല്‍ സമ്മര്‍ദ്ദ തന്ത്രമായി തന്റെ സോളോ ക്യാമ്പെയിന്‍ ആരംഭിക്കാനാണ് സച്ചിന്‍ പൈലറ്റിന്റെ തീരുമാനം.
ഭാരത് ജോഡോ യാത്രക്ക് ശേഷമുള്ള ഊര്‍ജ്ജം തെരഞ്ഞെടുപ്പിന് മുമ്പായി കെട്ടുപോകാതിരിക്കാന്‍ ക്യാമ്പെയിന്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് പൈലറ്റ് വിഭാഗം.
സംസ്ഥാനത്ത് ബി.ജെ.പി ശക്തമായി പ്രചരണം നടത്തുകയാണ് അത് വെറുതെ നോക്കി നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും പൈലറ്റ് അനുയായികള്‍ പറഞ്ഞു.
ഈ വര്‍ഷം അവസാനമാണ് രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊട്ടസാര താഴെ തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലും, മുഖ്യമന്ത്രി അശോക് ഗെലോട്ട് അവസാനത്തെ ബജറ്റ് അവതരിപ്പിക്കാനുള്ള തിരക്കിലും ആയതിനാല്‍ സച്ചിന്‍ പൈലറ്റിന്റെ ഈ രാഷ്ട്രീയ നീക്കം പ്രസക്തമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
2003ലെ പോലെയോ 2013ലെ പോലെയോ കോണ്‍ഗ്രസിന് അടിതെറ്റാതിരിക്കാന്‍ ജാട്ട് ഭൂരിപക്ഷ മേഖലകളിലും ഉപ മുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സച്ചിന്‍ പൈലറ്റിന്റെ പ്രചരണത്തിന് രാഹുല്‍ ഗാന്ധിയുടെ അംഗീകാരം ഉണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. എങ്കിലും എ.ഐ.സി.സിയുടെ ഔദ്യോഗിക അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
2018 തെരഞ്ഞെടുപ്പിന് പിന്നാലെ ഗെലോട്ടും പൈലറ്റും രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചതാണ് ഇരുവര്‍ക്കുമിടയിലെ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പൈലറ്റ് പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുമെന്ന തലത്തിലേക്ക് കാര്യങ്ങള്‍ സങ്കീര്‍ണമായെങ്കിലും നേതൃത്വം ഇടപെടുകയായിരുന്നു.
അതിനിടെ മാസങ്ങള്‍ക്ക് മുമ്പ് അശോക് ഗെലോട്ട് സച്ചിന്‍ പൈലറ്റിനെ രാജ്യദ്രോഹി എന്ന് വിളിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വലിയ രാഷ്ട്രീയ പോരിനാണ് കളം വെച്ചത്. ഒരു രാജ്യദ്രോഹിയെ മുഖ്യമന്ത്രി ആക്കാന്‍ കഴിയില്ല എന്നായിരുന്നു ഗെലോട്ടിന്റെ പരാമര്‍ശം.