'പുറത്ത് നിന്നപ്പോഴും പരസ്യമായി ഞനൊരൊറ്റ കാര്യം മാത്രമാണ് പറഞ്ഞത്, അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത്'; പാര്‍ട്ടിയില്‍ തിരിച്ചുവന്നതിന് ശേഷം സച്ചിന്റെ പ്രതികരണം
ജയ്പൂര്‍: പാര്‍ട്ടിക്ക് പുറത്ത് നിന്നപ്പോള്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വേദനിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്‌തെന്നും താനതില്‍ ദുഃഖിതനായിരുന്നെന്നും സച്ചിന്‍ പൈലറ്റ്. പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നതിന് ശേഷം ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സച്ചിന്റെ പ്രതികരണം.
വ്യക്തിപരമായി ഒരു പ്രശ്‌നവും നടന്നിട്ടില്ലെന്നും ഭരണം സംബന്ധിച്ച് മാത്രമാണ് നടന്നതൊക്കെയെന്നും സച്ചിന്‍ പറഞ്ഞു.
പാര്‍ട്ടി നേതൃത്വവുമായി തങ്ങള്‍ക്കുണ്ടായിരുന്ന പ്രശ്‌നങ്ങളും പരാതികളും പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും കാര്യങ്ങള്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മുന്നംഗ കമ്മിറ്റിയെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അംഗങ്ങളുടെ പേര് ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രവൃത്തിക്കാന്‍ തുടങ്ങുമെന്നും ഉറപ്പുള്ളതായും അദ്ദേഹം പറഞ്ഞു.
ഒറ്റദിവസം കൊണ്ടല്ല കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് നടന്നതെന്നും അതിന് മുന്‍പ് സസ്‌പെന്‍ഷനും പുറത്താക്കലും കേസും പൊലീസ് നടപടികളുമൊക്കെ നേരിടേണ്ടി വന്നെന്നുമാണ് ഒരു തിങ്കളാഴ്ച കൊണ്ട് ഒരുമാസം നീണ്ടുനിന്ന പ്രശ്‌നങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞല്ലോ എന്ന ചോദ്യത്തിന് സച്ചിന്‍ മറുപടി നല്‍കിയത്.
”ഞങ്ങള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട് എന്നായിരുന്നു ഞാന്‍ പരസ്യമായി നടത്തിയ ഒരേയൊരു പ്രസ്താവന അതില്‍ ഒരു മാറ്റവുമില്ല”; പൈലറ്റ് പറഞ്ഞു.
വ്യക്തിപരമായി ഗെലോട്ടിനോട് ഒരു പ്രശ്‌നങ്ങളും ഇല്ലെന്നുപറഞ്ഞ സച്ചിന്‍ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ അത് പറയാനുള്ള അവകാശം തനിക്കുണ്ടെന്നും സച്ചിന്‍ പറഞ്ഞു. അത് പാര്‍ട്ടി വിരുദ്ധമോ, ദേശ വിരുദ്ധമോ ജനാധിപത്യ വിരുദ്ധമോ അല്ല എന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.