സച്ചിന്‍ പൈലറ്റ് ദല്‍ഹിയിലേക്ക്; വിളിച്ചത് രാഹുലോ?, രാജസ്ഥാനില്‍ ദേശീയ നേതൃത്വത്തിന്റെ സസ്‌പെന്‍സ് നീക്കങ്ങള്‍
national news
സച്ചിന്‍ പൈലറ്റ് ദല്‍ഹിയിലേക്ക്; വിളിച്ചത് രാഹുലോ?, രാജസ്ഥാനില്‍ ദേശീയ നേതൃത്വത്തിന്റെ സസ്‌പെന്‍സ് നീക്കങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2020, 11:26 am

ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ രാജസ്ഥാനില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. ബി.ജെ.പിയുടെ കുതിരക്കച്ചവട ഭീഷണി നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ദല്‍ഹിയിലെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കാണാനാണ് പൈലറ്റ് ദല്‍ഹിയിലെത്തിയതെന്നാണ് വിവരം.

എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലായിരുന്ന സച്ചിന്‍ പൈലറ്റ് പെട്ടെന്നാണ് ദല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ടത്. ദല്‍ഹിയില്‍നിന്നും വിളി വന്നതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ യാത്രയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ട്ടി ദേശീയ നേതൃത്വത്തോട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കാനാണ് പൈലറ്റ് ദല്‍ഹിയിലേക്ക് തിരിച്ചതെന്നും സൂചനയുണ്ട്.

രാഹുല്‍ ഗാന്ധിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവാണ് സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി പൈലറ്റ് നിരന്തരം തര്‍ക്കങ്ങളിലുമാണ്. ഇത് പൈലറ്റ് പാര്‍ട്ടി വിടുന്നതിലേക്ക് എത്തിക്കുമെന്ന് ശിവസേന ആരോപിച്ചിരുന്നു. ഇക്കാര്യം പരിഹരിച്ച് പൈലറ്റിനെ കൂടെനിര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന അഭിപ്രായങ്ങളുമുണ്ട്.

പൈലറ്റിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതിന്റെ കാരണമെന്താണെന്ന് കോണ്‍ഗ്രസ് നേതൃത്വം വെളിപ്പെടുത്തിയിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ നീക്കങ്ങള്‍ സുപ്രധാനമായിരിക്കുമെന്നാണ് ഉയരുന്ന സൂചനകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ