| Wednesday, 21st July 2021, 12:14 pm

സച്ചിന്‍ പൈലറ്റും ചെന്നിത്തലയും എ.ഐ.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ? ദേശീയ തലത്തില്‍ മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയതലത്തില്‍ സമ്പൂര്‍ണ മാറ്റത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. നാല് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാന്‍ കോണ്‍ഗ്രസില്‍ സജീവ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

നിലവിലെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് പാര്‍ട്ടി അധ്യക്ഷയെ സഹായിക്കാനാണ് നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനുള്ള ആലോചന.

സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ്,രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

ദളിത് പ്രാതിനിധ്യം ഉറപ്പാക്കാന്‍ മുകുള്‍ വാസ്നിക്, ഷെല്‍ജ എന്നീ നേതാക്കളില്‍ ഒരാള്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നേക്കും. മുകുള്‍ വാസ്നികിന് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഹരിയാന പി.സി.സി. അധ്യക്ഷ സ്ഥാനത്ത് ഷെല്‍ജയെ മാറ്റണമെന്ന ആവശ്യവുമായി ഭൂപീന്ദര്‍ സിങ് ഹുഡ അനുകൂലികള്‍ ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശന്‍ വന്നതോടെയാണ് ചെന്നിത്തലയ്ക്ക് വര്‍ക്കിംഗ് പ്രസിഡന്റ് ആകാനുള്ള സാധ്യത കൂടിയത്. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണാന്‍ നേതൃത്വത്തിന് പറ്റാത്ത സാഹചര്യത്തിലാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് സച്ചിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്.

പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് വരില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതും ഈ മാറ്റത്തിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് നേരത്തെ 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയിച്ചിരുന്നു. ഇത് വലിയ വിവാദത്തിന് കാരണമാവുകയുംമചെയ്തിരുന്നു.

നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരാനാണ് കൂടുതല്‍ സാധ്യത.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: ramesh-chennithala-likely-to-be-made-aicc-general-secretary

We use cookies to give you the best possible experience. Learn more