ന്യൂദല്‍ഹി: രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക മണിക്കൂറുകളെന്ന് സൂചന. വിമത നേതാവ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രി അശോക് ഗെലോട്ടും പൈലറ്രും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രിയങ്കയും രാഹുലും സമ്മതിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൈലറ്റ് ക്യാമ്പിന്റെ ആവലാതികള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടി പാനലിനെ ഉത്തരവാദിത്തപ്പെടുത്തിയിട്ടുണ്ട്.
രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയെ ഹൃദയങ്ങളുടെ കൂടിക്കാഴ്ചയെന്നാണ് പൈലറ്റ് ക്യാമ്പ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി പൈലറ്റ് ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ അനുഭവത്തിന് നേര്‍ വിപരീതമാണിത്.
കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് പ്രിയങ്ക ഗാന്ധിയുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് വിവരം.
പൈലറ്റിനെയും വിമത എം.എല്‍.എമാരെയും അനുനയിപ്പിച്ച് കൂടെ നിര്‍ത്തണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത് എന്നാല്‍ വിമതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് രാജസ്ഥാനില്‍ ഗെലോട്ട് പക്ഷത്തിന്റെ നിലപാട്. ഇത് പാര്‍ട്ടിക്കുള്ളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയാക്കുന്നുണ്ടെന്നാണ് സൂചന.