പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി സച്ചിന്‍ പൈലറ്റ്; പ്രഗതിശീല്‍ കോണ്‍ഗ്രസെന്ന് പേരിട്ടേക്കും
national news
പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി സച്ചിന്‍ പൈലറ്റ്; പ്രഗതിശീല്‍ കോണ്‍ഗ്രസെന്ന് പേരിട്ടേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th June 2023, 9:07 am

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള അധികാര തര്‍ക്കത്തിനിടെ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി സച്ചിന്‍ പൈലറ്റ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സച്ചിന്‍ പാര്‍ട്ടി രൂപീകരണത്തിന് ഒരുങ്ങുന്നതെന്ന് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ജൂണ്‍ 11ന് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. അന്ന് അദ്ദേഹമൊരു റാലി സംഘടിപ്പിക്കുന്നുണ്ട്, ഇതില്‍ പാര്‍ട്ടി പ്രഖ്യാപനവും നടത്തുമെന്നാണ് വിവരം. പുതിയ പാര്‍ട്ടിക്ക് പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന് പേരിടുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് ആണ് സച്ചിനെ രൂപീകരണത്തിന് സഹായിക്കുകയെന്നാണ് സൂചന. വസുന്ധര രാജെ മുഖ്യമന്ത്രിയായിരിക്കെ നടന്ന അഴിമതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 11ന് ഗെഹ്‌ലോട്ടിനെതിരെ നടത്തിയ ഏകദിന നിരാഹാര സമരം നടത്താന്‍ സഹായിച്ചത് ഐ-പാക് ആണെന്നാണ് വിവരം. അജ്മീര്‍ മുതല്‍ ജയ്പൂര്‍ വരെ നടത്തിയ പദയാത്ര ആസൂത്രണം ചെയ്തതും ഈ സ്ഥാപമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ് 15ന് പദയാത്രയുടെ സമാപന ചടങ്ങിലെ പ്രസംഗത്തില്‍ വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ നടപടി, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ പുനഃസംഘടന, പരീക്ഷ പേപ്പര്‍ ചോര്‍ച്ച മൂലം ബാധിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം എന്നീ മൂന്ന് ആവശ്യങ്ങള്‍ ഗെഹ്‌ലോട്ട് സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. മെയ് 31നകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മെയ് 29ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സച്ചിനും ഗെഹ്‌ലോട്ടുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മെയ് 30ന് ഗെഹ്‌ലോട്ട് സര്‍ക്കാരിനോട് താന്‍ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlight: Sachin pilot plan to form new party