| Friday, 14th August 2020, 2:50 pm

ഗെലോട്ടില്‍ നിന്നും പ്രതിപക്ഷത്തിന് അടുത്തേക്ക് ഇരിപ്പിടം മാറ്റി സച്ചിന്‍ പൈലറ്റ്; രാജസ്ഥാനില്‍ നടന്നതിങ്ങനെ, പ്രതികരിച്ച് പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടുള്ള പിണക്കങ്ങള്‍ മാറ്റി സച്ചിന്‍ പൈലറ്റ് തിരിച്ചെത്തിയ ശേഷമുള്ള നിര്‍ണായക നിയമസഭാ സമ്മേളനം നടക്കുകയാണ് രാജസ്ഥാനില്‍. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയ ശേഷം പൈലറ്റ് നിയമസഭയില്‍ തെരഞ്ഞെടുത്ത ഇരിപ്പിടമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഉപമുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള പതിവിന് വിപരീതമായി ഗെലോട്ടില്‍ നിന്നും ഏറെ ദൂരെ പ്രതിപക്ഷ നിരയ്ക്ക് സമീപത്തായിട്ടാണ് പൈലറ്റ് ഇരിപ്പിടമുറപ്പിച്ചത്.

‘എന്റെ ഇരിപ്പിടത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായേക്കാം. എന്തിനാണ് ഞാന്‍ അതിര്‍ വരമ്പത്തിരിക്കുന്നതെന്ന സംശയങ്ങളുണ്ടായേക്കാം. ഞാന്‍ എന്തിനാണ് പ്രതിപക്ഷത്തിന് അരികിലിരിക്കുന്നതെന്ന ചോദ്യങ്ങളുമുണ്ടായേക്കാം. ഈ ഇരിപ്പടമുറപ്പിക്കാന്‍ കാരണം ഇത് അതിര്‍ത്തിയാണ് എന്നത് തന്നെയാണ്. ധീരനും ശക്തനുമായ യോദ്ധാവിനെ മാത്രമേ സാധാരണ അതിര്‍ത്തിയിലേക്ക് അയക്കാറുള്ളു’, പൈലറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ പ്രതിസന്ധിക്ക് തിരശ്ശീലയിട്ട് സച്ചിന്‍ പൈലറ്റ് തിരിച്ചെത്തിയത്.

ഉപമുഖ്യമന്ത്രിയായി ഇരുന്നിരുന്ന സര്‍ക്കാര്‍ സീറ്റുകളില്‍നിന്നും മാറി രണ്ടാം നിരയില്‍ ഏറ്റവും ഒടുവിലെ സീറ്റിലാണ് പൈലറ്റ് ഇരുന്നത്.

ഇത് ചൂണ്ടിക്കാണിച്ച് ബി.ജെ.പിയുടെ രാജേന്ദ്ര റാത്തോഡ് സംസാരിക്കവെ പൈലറ്റ് ഇടയില്‍ കയറിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ഞാനിന്ന് സഭയില്‍ എത്തിയപ്പോള്‍ എന്തിനാണ് പ്രതിപക്ഷ ബെഞ്ചുകള്‍ക്കടുത്ത് ഇരിക്കുന്നതെന്ന് ചിന്തിച്ചിരുന്നു. ഇതാണ് അതിര്‍ത്തിയെന്നും അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ടിരിക്കുന്ന യോദ്ധാവാണ് ഞാനെന്നും ഞാന്‍ മനസിലാക്കി. അതിര്‍ത്തിയിലേക്ക് അയച്ച ശക്തനായ യോദ്ധാവ്’, പൈലറ്റ് പറഞ്ഞു.

‘പലതും പറയും. ചിലത് വെളിപ്പെടുത്തും. ഞങ്ങള്‍ക്ക് എന്ത് കുറവുണ്ടായാലും പ്രശ്‌നങ്ങളുണ്ടായാലും ചികിത്സിക്കപ്പെടും. അതിനായി ഞങ്ങള്‍ ദല്‍ഹിയിലെ ഒരു ഡോക്ടറിന്റെ അടുത്തെത്തി. ആലോചനകള്‍ നടത്തി. ഇപ്പോള്‍ തിരിച്ചെത്തി’, പൈലറ്റ് വ്യക്തമാക്കി.

മുന്‍ നിരയിലെ അഗ്നിയെ നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങളുടെ കവചവും പരിചയും ആയുധങ്ങളും ഉപയോഗിച്ച് ആക്രമണങ്ങളെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്, ഡെസ്‌കില്‍ അടിച്ചുകൊണ്ട് പൈലറ്റ് പറഞ്ഞു.

പരസ്പരം ചിരിച്ചും കൈകൊടുത്തുമായിരുന്നു ഗെലോട്ടും പൈലറ്റും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയത്. പൈലറ്റിന്റെ വിമത നീക്കങ്ങള്‍ക്കിടെ, ഇരുവരും തമ്മില്‍ വാഗ്വാദങ്ങളും മുറുകിയിരുന്നു. എന്നാല്‍, നിയമസഭ സമ്മേളനത്തിനും വിശ്വാസവോട്ടെടുപ്പിനും തയ്യാറെടുക്കുന്നതിന് വേണ്ടി ഇരുനേതാക്കളും ഈ വാഗ്വാദങ്ങളെയെല്ലാം മാറ്റി വെച്ചിരിക്കുകയാണ്.

വിമതരുടെ പിന്തുണയില്ലാതെയും തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാവുമെന്നായിരുന്നു ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sachin Pilot On Rajasthan Assembly Seating

We use cookies to give you the best possible experience. Learn more