| Saturday, 8th December 2018, 11:27 am

കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നു; മോദിയും അമിത് ഷായും നാല് ദിവസവും; എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കഴിഞ്ഞ നാലര വര്‍ഷമായി കോണ്‍ഗ്രസ് ഇവിടെ സ്ഥിരമായ കാമ്പയിന്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് നിന്നാണ് ബി.ജെ.പിക്കെതിരെ പൊരുതിയതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. എന്നാല്‍ അമിത് ഷായും മോദിയും ഇവിടെയെത്തി കാമ്പയിന്‍ ആരംഭിച്ചിട്ട് മൂന്നോ നാലോ ദിവസമായിട്ടേയുള്ളൂവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജസ്ഥാന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വോട്ട് ചോദിക്കാന്‍ വേണ്ടി മാത്രമാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്. ബി.ജെ.പിയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് രാജസ്ഥാനില്‍ ലഭിക്കാനിരിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.


“ജയിലില്‍ കിടക്കുമ്പോള്‍ ഒരു ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ” ; പ്രതികരണവുമായി സുരേന്ദ്രന്‍


വസുന്ധര രാജെയെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് ബി.ജെ.പി കാമ്പയിന്‍ നടത്തിയത്. വസുന്ധര രാജെ ഭരണത്തില്‍ നിന്നും എങ്ങനെയെങ്കിലും മോചനം വേണമെന്ന് ആഗ്രഹിച്ചു കഴിയുന്നവരാണ് ഇവിടെയുള്ള ഓരോ ജനങ്ങളെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമി ഫൈനല്‍ എന്ന തരത്തില്‍ കണക്കാക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി തേരോട്ടം അവസാനിപ്പിക്കുമെന്നും ഇവിടങ്ങളില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്നുമാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിയുമെന്നും എക്സിറ്റ്പോള്‍ ഫലയങ്ങള്‍ പ്രവചിക്കുന്നു. മിസോറാമില്‍ ബി.ജെ.പി തോല്‍വി നേരിടുമെന്നും തെലങ്കാന ചന്ദ്രശേഖര്‍ റാവു നിലനിര്‍ത്തുമെന്നും എക്സിറ്റ്പോള്‍ പ്രവചിക്കുന്നു.

മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും 230 അംഗ സഭയില്‍ ഒരുപാര്‍ട്ടിക്കും ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നുമാണ് എക്സിറ്റ്പോളുകള്‍ പ്രവചിക്കുന്നത്. ഒമ്പത് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും എത്തിച്ചേരുന്ന നിഗമനം ബി.ജെ.പി മധ്യപ്രദേശില്‍ 110 സീറ്റുകളും കോണ്‍ഗ്രസ് 109 സീറ്റുകളും നേടുമെന്നാണ്. ഇവിടെ 115 സീറ്റുകള്‍ നേടിയെങ്കില്‍ മാത്രമേ കേവലഭൂരിപക്ഷത്തിലെത്താനാവൂ. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി രണ്ടു സീറ്റുകള്‍ നേടുമെന്നും ഈ പോളുകള്‍ പ്രവചിക്കുന്നു.

കഴിഞ്ഞ 20 വര്‍ഷമായി രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചിട്ടില്ല. ഇത്തവണയും ഇത് ആവര്‍ത്തിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 200 അംഗ നിയമസഭയില്‍ 78 സീറ്റുകള്‍ ബി.ജെ.പിയും 110 സീറ്റുകള്‍ കോണ്‍ഗ്രസും നേടുമെന്നാണ് 10 എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനം.

We use cookies to give you the best possible experience. Learn more