| Monday, 20th July 2020, 4:57 pm

'ബി.ജെ.പിയിലേക്ക് കൂറുമാറാനായി സച്ചിന്‍ പൈലറ്റ് 35 കോടി വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനിലെ വിമത നേതാവ് സച്ചിന്‍ പൈലറ്റ് തനിക്ക് കൂറുമാറാനായി പണം വാഗ്ദാനം ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ. ബി.ജെ.പിയിലേക്ക് കൂറുമാറിയാല്‍ തനിക്ക് 35 കോടി രൂപ തരാമെന്ന വാഗ്ദാനം പൈലറ്റ് നടത്തിയെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എ ഗിരിരാജ് സിങ് മലിംഗ പറയുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഗെലോട്ടിനെതിരെ തിരിഞ്ഞാല്‍ എനിക്ക് 35 കോടി രൂപ തരാമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അദ്ദേഹത്തിന്റെ വസതിയില്‍വെ
ച്ചായിരുന്നു ഇത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് എന്നോട് കൂറുമാറാന്‍ ആവശ്യപ്പെട്ടത്. ഡിസംബറിലും സമാനമായ വാഗ്ദാനമുണ്ടായിരുന്നു. ഞാനത് നിഷേധിക്കുകയും ഇക്കാര്യം ഗെലോട്ടിനെ അറിയിക്കുകയും ചെയ്തു’, മലിംഗ പറഞ്ഞു.

എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടി വന്നാലും താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്നും മലിംഗ പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഞാന്‍ എങ്ങനെയാണ് എന്റെ ജനങ്ങളുടെ മുഖത്ത് നോക്കുക? അവരോട് ഞാനെന്താണ് പറയുക?, മലിംഗ ചോദിച്ചു.

2009-ലാണ് മലിംഗ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് 2013ലും 2018ലും അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ ധോല്‍പൂരില്‍നിന്നും മത്സരിച്ചു. മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ധോല്‍പൂര്‍.

സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശമനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആറ് മാസമായി ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ സച്ചിന്‍ പൈലറ്റ് നടത്തുന്നുണ്ടെന്നായിരുന്നു ഗെലോട്ട് ആരോപിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൈലറ്റ് ചില ശ്രമങ്ങളുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും ഗെലോട്ട് പറഞ്ഞു.

നിഷ്‌ക്കളങ്കമായ മുഖം വെച്ച് അദ്ദേഹം ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ എനിക്കതറിയാം. ഞാന്‍ ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല, ഞാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയാണ് എന്നായിരുന്നു അശോക് ഗെലോട്ട് എ.എന്‍.ഐയോട് പ്രതികരിച്ചത്.

നേരത്തെ സച്ചിന്‍ പൈലറ്റിനെതിരായ വിമര്‍ശനങ്ങളില്‍ നിന്നും നേതാക്കള്‍ പിന്നാക്കം പോയിരുന്നു. തുടക്കത്തില്‍ സച്ചിന്‍ പൈലറ്റിനെ എതിര്‍ത്തു സംസാരിച്ച ഗെലോട്ട് അടക്കം പിന്നീട് നയപരമായ രീതിയില്‍ കാര്യങ്ങളെ സമീപിക്കുന്നതായിരുന്നു കണ്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more