'മുഖ്യമന്ത്രി സ്ഥാനത്തിനപ്പുറവും ജീവിതമുണ്ടെന്ന് സച്ചിന്‍ മനസിലാക്കണം'; തുറന്നടിച്ച് മാര്‍ഗരറ്റ് ആല്‍വ, 'ആഭ്യന്തര പ്രശ്‌നത്തില്‍ ആരും ഇടപെടേണ്ട'
Rajastan Crisis
'മുഖ്യമന്ത്രി സ്ഥാനത്തിനപ്പുറവും ജീവിതമുണ്ടെന്ന് സച്ചിന്‍ മനസിലാക്കണം'; തുറന്നടിച്ച് മാര്‍ഗരറ്റ് ആല്‍വ, 'ആഭ്യന്തര പ്രശ്‌നത്തില്‍ ആരും ഇടപെടേണ്ട'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th July 2020, 12:15 am

ന്യൂദല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ വിമത നേതാവ് സച്ചിന്‍ പൈലറ്റിന് ഉപദേശവുമായി മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വ. മുഖ്യമന്ത്രി സ്ഥാനം ജീവിതത്തില്‍ നേടേണ്ട ഒരേയൊരു കാര്യമല്ല. മറ്റ് നിരവധി കാര്യങ്ങള്‍ ചെയ്യാനും പ്രവര്‍ത്തിക്കാനുമുണ്ടെന്ന് പൈലറ്റ് മനസിലാക്കണമെന്നും ആല്‍വ പറഞ്ഞു. ഇന്ത്യാ ടുഡേയോടാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ജീവിതത്തില്‍ നേടിയെടുക്കേണ്ട ഒരേയൊരു കാര്യമല്ല മുഖ്യമന്ത്രി സ്ഥാനം. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പൈലറ്റ് അത് മനസിലാക്കണം’, ആല്‍വ പറഞ്ഞു.

അശോക് ഗെലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ഒരുമുച്ചിരുത്തി രാജസ്ഥാന്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് താന്‍ ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിക്കുന്നതെന്നും അവര്‍ പറഞ്ഞു. ‘ഇത്തരം പ്രശ്‌നങ്ങള്‍ കോടതി മുറികളിലോ ജഡ്ജിമാരോ പരിഹരിക്കരുതെന്നാണ് എന്റെ ആഗ്രഹം. കൂറുമാറല്‍ വിരുദ്ധ നിയമങ്ങള്‍ ഇവിടെയുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഭരണഘടനാ വ്യവസ്ഥകളുമുണ്ട്’.

ഇവരെ രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവരാത്തത് എന്താണെന്നതിന് ഹൈക്കമാന്‍ഡിന് കാരണങ്ങളൊന്നുമില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താനായി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി സംസ്ഥാനാധ്യക്ഷനായി ആറ് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നെയെങ്ങനെയാണ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരാന്‍ അദ്ദേഹം ആഗ്രഹിക്കുകയെന്നും ആല്‍വ ചോദിച്ചു.

ബി.ജെ.പിയില്‍ ചേരില്ലെന്ന് സച്ചിന്‍ പൈലറ്റ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ഇത് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും ആല്‍വ ചൂണ്ടിക്കാട്ടി. യുവ നേതാക്കളെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

‘പാര്‍ട്ടി വിടുന്നില്ലെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞുകഴിഞ്ഞു. ഈ പ്രസ്താവനകള്‍ വന്ന സ്ഥിതിക്ക് ഇത് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ഗവര്‍ണര്‍ക്കോ കോടതികള്‍ക്കോ അതില്‍ യാതൊരു പങ്കുമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കപ്പെടേണ്ട വിഷമയാണ്’, ആല്‍വ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്നും ആരും പുറത്തുപോവാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

‘സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടണമെന്ന് ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ ഏറ്റവും തിളക്കമുള്ള യുവ നേതാക്കളില്‍ ഒരാളാണ്. യഥാര്‍ത്ഥത്തില്‍ ഈ യുവ നേതാക്കളെല്ലാം രാഹുല്‍ ഗാന്ധി സൃഷ്ടിക്കുന്ന ടീമാണെന്ന് തോന്നുന്നു. നേതൃത്വത്തിന്റെ രണ്ടാം ഭാഗമാണത്. എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് എല്ലാം തകര്‍ന്നത്?’ മുന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന ആല്‍വ ചോദിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ ഉടച്ചുവാര്‍ക്കേണ്ട സമയമായെന്നാണ് താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ