വീടുകളില്‍ കയറി ബി.ജെ.പിക്കാര്‍ ചായയും പക്കവടയും കഴിച്ചതുകൊണ്ടൊന്നും കാര്യമില്ല; രാജസ്ഥാനില്‍ കോണ്‍ഗ്രസ് ചരിത്ര വിജയം നേടുമെന്ന് സച്ചിന്‍ പൈലറ്റ്
national news
വീടുകളില്‍ കയറി ബി.ജെ.പിക്കാര്‍ ചായയും പക്കവടയും കഴിച്ചതുകൊണ്ടൊന്നും കാര്യമില്ല; രാജസ്ഥാനില്‍ കോണ്‍ഗ്രസ് ചരിത്ര വിജയം നേടുമെന്ന് സച്ചിന്‍ പൈലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th November 2018, 11:05 am

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ചരിത്ര വിജയം സ്വന്തമാക്കുമെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനിലെ ജനങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനൊപ്പമുണ്ടെന്നും അവര്‍ ബി.ജെ.പിയെ വെറുത്തുകഴിഞ്ഞെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

രാജസ്ഥാനിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അവര്‍ക്ക് ബി.ജെ.പി ഭരണം മടുത്തു. 196 മണ്ഡലങ്ങളിലായി മേരാ ബൂത്ത് മേരാ ഗൗരവ് പരിപാടികള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു കഴിഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി കഴിഞ്ഞു.അവര്‍ക്ക് ഇനി ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ താത്പര്യമില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിരവധി തവണ രാജസ്ഥാനില്‍ എത്തുകയും വിവിധ റാലികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിക്കാര്‍ ഇപ്പോള്‍ വീടുകള്‍ കയറിയിറങ്ങി ചായയും പക്കവടയും കഴിക്കുകയാണ്. ഇതുകൊണ്ടൊന്നും ജനങ്ങളുടെ മനസ് മാറുമെന്ന് അവര്‍ പ്രതീക്ഷിക്കേണ്ട. ജനങ്ങള്‍ക്ക് ഇനി ബി.ജെ.പിയെ വേണ്ട. തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കാനാകും- സച്ചിന്‍ പൈലറ്റ് പറഞ്ഞു.


ഖഷോഗ്ജി കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും കൊണ്ട് കണക്കു പറയിക്കും; മുഹമ്മദ് ബിന്‍ സല്‍മാനോട് യു.എസ്


സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്ന അവസ്ഥയിലാണ്. പശുവിന്റേയും ബീഫിന്റേയും പേരില്‍ നൂറ് കണക്കിന് ആള്‍ക്കാര്‍ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തു. ഇനി അത് അനുവദിക്കില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതോടെ പുതിയമാറ്റങ്ങള്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കാം.

രാഷ്ട്രീയലാഭത്തിനായി സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ അനുവദിക്കുയാണ് ഭരണകൂടം. അവര്‍ക്ക് മറ്റ് പല ലക്ഷ്യങ്ങളും അത് വഴി നേടാനുണ്ട്. ഇനി അതൊന്നും വിലപ്പോവില്ല. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും വിദ്വേഷവും വളര്‍ത്തി വോട്ട് നേടാമെന്നും ഇനി ബി.ജെ.പി കരുതേണ്ട. ജനങ്ങള്‍ക്ക് വസുന്ധരെ രാജെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായി കഴിഞ്ഞു- സച്ചിന്‍ പൈലറ്റ് പറഞ്ഞു.