ചരിത്രത്തില്‍ പേര് വരുത്താന്‍ അവരെന്തും ചെയ്യും; രണ്ടാമത്തെ വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ പെരുമാറ്റം അക്കാര്യം പ്രതിഫലിപ്പിക്കുന്നതാണ്; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്
national news
ചരിത്രത്തില്‍ പേര് വരുത്താന്‍ അവരെന്തും ചെയ്യും; രണ്ടാമത്തെ വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ പെരുമാറ്റം അക്കാര്യം പ്രതിഫലിപ്പിക്കുന്നതാണ്; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th January 2021, 8:06 am

ജയ്പൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രാജ്യത്തെ കര്‍ഷകര്‍ അവരുടെ ഭാവിയെക്കുറിച്ചോര്‍ത്ത് ഭയത്തിലാണെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ചില തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ലെന്നും അതൊരു പരാജയമായി കാണേണ്ടതില്ലെന്നും പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

“രണ്ടാമത്തെ (ലോക്‌സഭാ) തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം, കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും സ്വീകരിച്ച പെരുമാറ്റം പ്രതിഫലിപ്പിക്കുന്നത് അവരുടെ പേരുകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതിന് വേണ്ടി അവര്‍ എന്തും ചെയ്യുമെന്നാണ്. ഇന്ന്, ഈ രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേധിക്കുക മാത്രമല്ല, അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു, ”പൈലറ്റ് പറഞ്ഞു.

അതേസമയം കര്‍ഷക പ്രതിഷേധം 40ാം ദിവസത്തില്‍ എത്തിനില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇന്ന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഏഴാംവട്ട ചര്‍ച്ചയാണ് ഇന്ന് നടക്കാന്‍ പോകുന്നത്. മുന്‍പ് നടന്ന ചര്‍ച്ചകളൊക്കെ പരാജയപ്പെടുകയായിരുന്നു.

ഡിസംബര്‍ 30 ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ഭേദഗതി ബില്‍ 2020ന്റെ കരട് പിന്‍വലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കും വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.

അതേസമയം ചര്‍ച്ചക്കിടെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Sachin Pilot in support of Farmers protest