ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി തുടരുന്നു. സ്പീക്കര്‍ ഹേമറാം ചൗധരി രാജിവെച്ചതിന് പിന്നാലെ സച്ചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെ ദല്‍ഹിയിലെത്തിയ പൈലറ്റ് ഞായറാഴ്ച വരെ തലസ്ഥാനത്ത് തുടരും. അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാന്‍ സച്ചിന്‍ പൈലറ്റ് പദ്ധതിയിട്ടിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
നേരത്തെ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അടുത്തതായി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച പൈലറ്റ് ബി.ജെ.പി. നേതാക്കളെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.
അതേസമയം രാജസ്ഥാനിലെ ഗെലോട്ട് സര്‍ക്കാരിനെതിരായ പോര് പൈലറ്റ് വീണ്ടും ആരംഭിക്കുന്നതായാണ് വിവരം. തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു വര്‍ഷത്തോളമായിട്ടും നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് പൈലറ്റ് പക്ഷത്തുള്ളവര്‍ പറയുന്നത്.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള ചൗധരിയുടെ പടിയിറക്കം. കഴിഞ്ഞ ജൂലൈയില്‍ പൈലറ്റ് നടത്തിയ വിമത നീക്കത്തിലുള്‍പ്പെട്ട 19 എം.എല്‍.എമാരില്‍ ഒരാളാണ് ചൗധരി.
വിമത എം.എല്‍.എമാരുടെ മണ്ഡലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നില്ല എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ അതിരൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും സച്ചിനും സംഘവും കോണ്‍ഗ്രസ് വിടുകയും ചെയ്തിരുന്നു.
മധ്യപ്രദേശിലെ യുവനേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരിലൊരാളുമായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് പിന്നാലെയായിരുന്നു പൈലറ്റിന്റെ വിമതനീക്കം.
സിന്ധ്യയുടെ വഴി തന്നെ സച്ചിനും പിന്തുടരും എന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം സച്ചിനുമായി ചര്‍ച്ച നടത്തുകയും ഗെലോട്ടിന്റെ ഇഷ്ടക്കേടിന് മുഖം കൊടുക്കാതെ സച്ചിനെ തിരിച്ചുവിളിക്കുകയും ആയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sachin Pilot in Delhi till Sunday, says ‘no plans of meeting Rahul or Priyanka Gandhi