ജയ്പൂര്‍: രാജസ്ഥാനില്‍ ഇടഞ്ഞ പൈലറ്റിനെ ഇണക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടരവെ, ഉപദേശത്തിനായി അദ്ദേഹം കോണ്‍ഗ്രസ് നേതാവ് പി ചിദംബരവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി പൈലറ്റ് ചിദംബരവുമായി ഫോണില്‍ സംസാരിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഉന്നയിച്ച വിമത ശബ്ദങ്ങള്‍ മറക്കാനാവുന്നതേ ഉള്ളൂ എന്ന പ്രതികരണമാണ് ചിദംബരം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭയില്‍നിന്നും അയോഗ്യരാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമാണ് പൈലറ്റ് ചിദംബരത്തോട് ഉപദേശം തേടിയത്.
പൈലറ്റുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നാണ് ചിദംബരം പറയുന്നത്. ‘ചര്‍ച്ചയ്ക്കായി നേതൃത്വം അദ്ദേഹത്തെ പരസ്യമായി ക്ഷണിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്ന് തന്നെയാണ് ഞാനും ആവര്‍ത്തിച്ചത്. അവസാന അവസരവും പ്രയോജനപ്പെടുത്തണമെന്ന് ഞാന്‍ അദ്ദേഹത്തെ ഉപദേശിച്ചു’, ചിദംബരം വ്യക്തമാക്കി. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ചിദംബരം.
പൈലറ്റും സംഘവും നടത്തിയ വിമത നീക്കങ്ങള്‍ അടഞ്ഞ അധ്യായമാണ് എന്ന നിലപാടാണ് ചിദംബരത്തിനുള്ളത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. പൈലറ്റിനെതിരായ കേസ് കേവലം സാങ്കേതികത മാത്രമാണെന്ന് ചിദംബരം പൈലറ്റിനെ ധരിപ്പിച്ചിട്ടുണ്ട്.
ഗെലോട്ട് സര്‍ക്കാരില്‍നിന്നും മാറ്റി നിര്‍ത്തപ്പെട്ടു എന്ന തോന്നല്‍ ഇനിയുണ്ടാവാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്ന ഉറപ്പും ചിദംബരം നല്‍കിയിട്ടുണ്ട്. പൈലറ്റിനെ ദേശീയ നേതൃത്വ നിരയിലേക്ക് ഉയര്‍ത്താമെന്ന വാഗ്ദാനവും ചിദംബരം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
പാര്‍ട്ടിയിലേക്ക് തിരിച്ചുവരണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചിദംബരം പൈലറ്റിനോട് ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൈലറ്റ് ചിദംബരത്തെ തിരിച്ചുവിളിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ