ജയ്പൂര്‍: രാജസ്ഥാനില്‍ ഇടഞ്ഞ പൈലറ്റിനെ ഇണക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടരവെ, ഉപദേശത്തിനായി അദ്ദേഹം കോണ്‍ഗ്രസ് നേതാവ് പി ചിദംബരവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി പൈലറ്റ് ചിദംബരവുമായി ഫോണില്‍ സംസാരിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഉന്നയിച്ച വിമത ശബ്ദങ്ങള്‍ മറക്കാനാവുന്നതേ ഉള്ളൂ എന്ന പ്രതികരണമാണ് ചിദംബരം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭയില്‍നിന്നും അയോഗ്യരാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമാണ് പൈലറ്റ് ചിദംബരത്തോട് ഉപദേശം തേടിയത്.
പൈലറ്റുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നാണ് ചിദംബരം പറയുന്നത്. ‘ചര്‍ച്ചയ്ക്കായി നേതൃത്വം അദ്ദേഹത്തെ പരസ്യമായി ക്ഷണിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്ന് തന്നെയാണ് ഞാനും ആവര്‍ത്തിച്ചത്. അവസാന അവസരവും പ്രയോജനപ്പെടുത്തണമെന്ന് ഞാന്‍ അദ്ദേഹത്തെ ഉപദേശിച്ചു’, ചിദംബരം വ്യക്തമാക്കി. സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ചിദംബരം.
പൈലറ്റും സംഘവും നടത്തിയ വിമത നീക്കങ്ങള്‍ അടഞ്ഞ അധ്യായമാണ് എന്ന നിലപാടാണ് ചിദംബരത്തിനുള്ളത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. പൈലറ്റിനെതിരായ കേസ് കേവലം സാങ്കേതികത മാത്രമാണെന്ന് ചിദംബരം പൈലറ്റിനെ ധരിപ്പിച്ചിട്ടുണ്ട്.