| Wednesday, 18th March 2020, 3:51 pm

കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗ ആരോപണം ഉയര്‍ത്തി രാജസ്ഥാന്‍ ബി.ജെ.പി; കെ.സിയെ പിന്തുണച്ചെത്തി സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബലാത്സംഗ കേസില്‍ ആരോപണം നേരിടുന്ന വ്യക്തിയാണ് രാജസ്ഥാനില്‍ നിന്നും രാജ്യസഭ സീറ്റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലെന്ന് ആരോപിച്ച് ബി.ജെ.പി. സംസ്ഥാനത്തെ ബി.ജെ.പിയുടെ ആരോപണത്തെ എതിര്‍ത്ത് സച്ചിന്‍ പൈലറ്റ് രംഗത്തെത്തി.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ കസേര സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് അയക്കുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചത്. ഈ പ്രസ്താവനക്കെതിരെയാണ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയത്.

ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ബി.ജെ.പിക്കൊരു താല്‍പര്യമുണ്ട്, രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടി തെറ്റായ ആരോപണം ഉന്നയിക്കുക എന്നത്. അത് തന്നെയാണ് ഇവിടെയും നടക്കുന്നതെന്നാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

യു.ഡി.എഫ് സര്‍ക്കാരിനെ പുറത്താക്കുന്നതിന് വേണ്ടി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ തുടങ്ങി 22 നേതാക്കള്‍ക്കെതിരെ കേസെടുത്തത്. 2011ലാണ് ഈ പറയപ്പെടുന്ന ആരോപണങ്ങള്‍ ഉയര്‍ന്നത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് 2018ലും. സത്യസന്ധമായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ ഇത് വരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ഈ ആരോപണങ്ങളെയൊക്കെ തള്ളിക്കളഞ്ഞാണ് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് വന്‍ഭൂരിപക്ഷത്തില്‍ അദ്ദേഹം ജയിച്ചത്. ഇത് കെ.സി വേണുഗോപാലിനോടുള്ള ആ പ്രദേശത്തെ ജനങ്ങളുടെ അഗാധമായ വിശ്വാസത്തെ കാണിക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more